കാറ്റ്: വാഹനങ്ങളും വീടുകളും തകർന്നു



 തിരുവല്ല  ശക്തമായ മഴയിലും കാറ്റിലും താലൂക്കിന്റെ പടിഞ്ഞാറൻ മേഖലകളിൽ വൻ നാശനഷ്ടം. കൂറ്റൻമരം കടപുഴകി വീണ് പുളിക്കീഴ് പൊലീസ് സ്റ്റേഷൻ വളപ്പിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾ പൂർണമായും നശിച്ചു. തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന നിരവധി ഇരുചക്രവാഹനങ്ങളും തകർന്നു . സ്റ്റേഷൻ എസ്എച്ച്ഒ, എസ്ഐ എന്നിവരുടെ കാറുകളാണ് നശിച്ചത്. തിങ്കളാഴ്ച രാത്രി 7 മണിയോടെ ആയിരുന്നു സംഭവം. സ്റ്റേഷന് മുൻവശത്തായി റോഡിനോട് ചേർന്ന് നിന്നിരുന്നു മരമാണ് കടപുഴകിയത്. തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 25 ഓളം ഇരുചക്ര വാഹനങ്ങൾ മരച്ചില്ലകൾക്ക് അടിയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. തിരുവല്ലയിൽനിന്നും അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ എത്തിയാണ് മരം മുറിച്ച് നീക്കിയത്.    മരം കടപുഴകി വീഴുന്നത് കണ്ട് സ്റ്റേഷന് മുൻവശത്ത് ഉണ്ടായിരുന്ന  പൊലീസുകാർ ഉൾപ്പെടെയുള്ളവർ ഓടി മാറിയതിനാൽ വൻദുരന്തം ഒഴിവായി. വീശിയടിച്ച ശക്തമായ കാറ്റിൽ വളഞ്ഞവട്ടത്ത് രണ്ട് വീടുകൾ തകർന്നു. വളഞ്ഞവട്ടം മംഗലശ്ശേരിയിൽ എൻ ശോഭന, താന്നിമൂട്ടിൽ റോയ് എന്നിവരുടെ വീടുകളാണ് തകർന്നത്. ചൊവ്വാഴ്ച പുലർച്ചെ വീശിയടിച്ച കാറ്റാണ് നാശംവിതച്ചത . സമീപ പുരയിടത്തുനിന്നിരുന്ന മരമാണ് ശോഭനയുടെ വീടിന് മുകളിലേക്ക് പതിച്ചത്. മേൽക്കൂര പൂർണമായി തകർന്നു. സ്വന്തം പുരയിടത്തിൽ നിന്നിരുന്ന മരംവീണ് റോയിയുടെ വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. പ്രദേശത്തെ ആറോളം വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞുവീണു.   മരം കടപുഴകി വീണ് നെടുമ്പ്രത്ത് വീട് പൂർണമായും തകർന്ന . നെടുമ്പ്രം തുണ്ടിയിൽ സ്കറിയ എബ്രഹാമിന്റെ വീട് തിങ്കളാഴ്ച രാത്രി 10 മണിയോടെ വീശിയടിച്ച കാറ്റിൽ തകർന്നു. സ്കറിയ എബ്രഹാമിന്റെ തന്നെ പുരയിടത്തിൽ നിന്നിരുന്ന ആഞ്ഞിലി മരം കടപുഴകി വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. വീടിന്റെ രണ്ടു മുറികൾ പൂർണമായും തകർന്നു . അടുക്കളയുടെ ഭിത്തി വിണ്ട് കീറി. വീടിന്റെ മേൽക്കൂര തകരുന്ന ഒച്ചകേട്ട് സ്കറിയ എബ്രഹാമിന്റെ ഭാര്യയും മകനും പിൻവാതിലിലൂടെ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ ആളപായം സംഭവിച്ചില്ല.തിരുവല്ല  Read on deshabhimani.com

Related News