ആദ്യ സ്ലാബിന്റെ നിർമാണം തുടങ്ങി

അബാൻ മേൽപ്പാലത്തിനായി തൂണിനു മുകളിൽ റോഡ് നിർമിക്കുന്നതിന് കമ്പികൾ കെട്ടിയപ്പോൾ


 പത്തനംതിട്ട നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകാൻ അബാൻ മേൽപ്പാലത്തിന്റെ നിർമാണം ദ്രുതഗതിയിൽ മുന്നേറുന്നു. 46.50 കോടി കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച്‌ നിർമിക്കുന്ന പാലത്തിൽ സ്ലാബിന്റെ നിർമാണം ആരംഭിച്ചു. നഗരസഭ ബസ്‌സ്റ്റാൻഡിന്‌ സമീപത്ത്‌ നിന്ന്‌ മേൽപ്പാലത്തിലെ ആദ്യ ഡെക്ക്‌ സ്ലാബിന്റെ നിർമാണമാണ്‌ ആരംഭിച്ചത്‌. കോൺക്രീറ്റിങ്ങിന്‌ മുന്നോടിയായുള്ള കമ്പി കെട്ടുന്ന പ്രവർത്തനങ്ങളാണ്‌ ഇപ്പോൾ നടക്കുന്നത്‌. 30 മീറ്റർ നീളമുള്ള സ്ലാബാണിത്‌.  കോൺക്രീറ്റിങ് ആരംഭിക്കാൻ മൂന്നാഴ്‌ച സമയമെടുക്കും. സ്ഥലം എറ്റെടുക്കലും നടക്കുന്നു. ഏറ്റെടുക്കേണ്ട സ്ഥലങ്ങളിൽ പൂർണമായി കല്ലിട്ടു. വിശദാംശങ്ങൾ റവന്യു വകുപ്പിന്‌ കൈമാറിയിരിക്കുകയാണ്‌. മുത്തൂറ്റ്‌ ആശുപത്രിക്ക്‌ സമീപത്തുനിന്ന്‌ തുടങ്ങി നഗരസഭാ ബസ്‌റ്റാൻഡിന്‌ സമീപം അവസാനിക്കുന്ന തരത്തിലാണ്‌ മേൽപ്പാലം നിർമിക്കുന്നത്‌. പൈലിങ്ങും പില്ലറുകളുടെ നിർമാണവും നടക്കുന്നു. 21 പില്ലറുകളാണ്‌ ആകെയുള്ളത്‌. ഇതിൽ രണ്ട്‌ പില്ലറുകളുടെ നിർമാണം പൂർത്തിയായി. 16 എണ്ണത്തിന്റെ നിർമാണം നടക്കുന്നു. റിങ്‌ റോഡിന്‌ മുകളിലൂടെ 611 മീറ്ററാണ്‌ പാലം. 12 മീറ്ററാണ്‌ വീതി. ഇരുവശങ്ങളിലുമായി 5.5 മീറ്റർ വീതിയിൽ സർവീസ്‌ റോഡാണ്‌ നിർമിക്കുക. 23 സ്പാനുകളിലാണ് പാലം ഉയരുന്നത്‌. ശബരിമല തീർഥാടന കാലത്തെ രൂക്ഷമായ ഗതാഗത കുരുക്കിന്‌ മേൽപ്പാലം പരിഹാരമാകും. Read on deshabhimani.com

Related News