തിരുവാഭരണങ്ങളുമായി ഘോഷയാത്രാ സംഘം പന്തളത്ത് മടങ്ങിയെത്തി



പന്തളം മകര സംക്രമസന്ധ്യയിൽ ശബരീശവിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണങ്ങളുമായി ഘോഷയാത്രാസംഘം പന്തളത്ത് മടങ്ങിയെത്തി. ഞായറാഴ്ച പുലർച്ചെ ആറന്മുളയിൽ നിന്നുള്ള മടക്കയാത്രയിൽ വഴിയിലുടനീളം ശരണംവിളികളോടെ വരവേൽപ്പ്  ലഭിച്ചു. പന്തളം കൊട്ടാരം പ്രതിനിധി മൂലം നാൾ ശങ്കർവർമ, ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവാഭരണവുമായി  മടങ്ങിയെത്തിയത്.  ശനിയാഴ്ച പെരുനാട്ടിൽ നിന്നു ആറന്മുളയിലെത്തിയ സംഘം അവിടെ വിശ്രമിച്ചു.  ഞായറാഴ്ച പുലർച്ചെ നാലോടെ പന്തളത്തേക്ക് തിരിച്ച ഘോഷയാത്രയെ പന്തളം കൊട്ടാരം വരെ വിവിധ സംഘടനകൾ സ്വീകരിച്ചു. കിടങ്ങന്നൂർ വിജയാനന്ദാശ്രമം, കിടങ്ങന്നൂർ, കാവുംപടി, കുറിയാനപ്പള്ളി, പൈവഴി, പാറയിൽ കവല എന്നിവിടങ്ങളിൽ സ്വീകരണം നൽകി.  പുതുവാക്കൽ വായനശാല, കൈപ്പുഴ ഗുരുമന്ദിരം, കുളനട ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും സ്വീകരിച്ചു. സ്രാമ്പിക്കൽ കൊട്ടാരത്തിലെത്തിച്ച തിരുവാഭരണങ്ങൾ ദേവസ്വം ബോർഡ് അധികാരികളിൽനിന്ന് കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി ജി ശശികുമാർ വർമ, സെക്രട്ടറി പി എൻ നാരായണ വർമ എന്നിവർ ഏറ്റുവാങ്ങി. കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ സൂക്ഷിക്കുന്ന ആഭരണങ്ങൾ ഇനി അയ്യപ്പന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രത്തിനും  വിഷുവിനുമാണ് ദർശനത്തിന് തുറക്കുക. Read on deshabhimani.com

Related News