ഈ വർഷം പ്രവേശനം



കോന്നി കോന്നി മണ്ഡലത്തിൽ പുതിയതായി അനുവദിച്ച സംസ്‌ഥാന സർക്കാർ അധീനതയിലുള്ള രണ്ട് നഴ്സിങ് കോളേജുകൾക്കും  അനുമതി  ലഭിച്ചതായി അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.  ഈ വർഷം തന്നെ രണ്ടിടത്തും വിദ്യാർഥി പ്രവേശനം സാധ്യമാക്കുമെന്നും എംഎൽഎ പറഞ്ഞു.  കോന്നി, സീതത്തോട് എന്നിവിടങ്ങളിലായി രണ്ട് നഴ്സിങ് കോളേജുകളാണ് സർക്കാർ അനുവദിച്ചത്. കോന്നിയിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ടെക്നോളജി നഴ്സിങ് കോളേജും സീതത്തോട്ടിൽ സെന്റർ ഫോർ പ്രൊഫഷണൽ  അഡ്വാൻസ്ഡ് സ്റ്റഡീസ് ചുമതലയിലുള്ള  നഴ്സിങ് കോളേജുമാണ് പ്രവർത്തനം ആരംഭിക്കുന്നത്. കോന്നിയിൽ 60 സീറ്റാണ് അനുവദിച്ചിട്ടുള്ളത്.  സീതത്തോട് കോളേജിൽ 30 സീറ്റും. നഴ്സിങ് കൗൺസിലിന്റെയും ആരോഗ്യ സർവകലാശാലയുടെയും  പരിശോധനകൾ പൂർത്തിയായി. കോന്നി  കോളേജിനായി മൂന്നേക്കർ സ്ഥലം മെഡിക്കൽ കോളേജിന് സമീപം  അനുവദിച്ചിട്ടുണ്ട്. ഇപ്പോൾ കോന്നി മെഡിക്കൽ കോളേജിന്റെ അക്കാഡമിക് ബ്ലോക്കിൽ രണ്ടാമത്തെ നിലയിലാണ്‌ നഴ്സിങ് കോളേജിനായി  ഉപയോഗിക്കുന്നത്.  നഴ്സിങ്  കോളേജിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ 17 ലക്ഷം രൂപ ചിലവിൽ  എത്തിച്ചിട്ടുണ്ട്. എൽബിഎസ് മുഖാന്തിരം വിദ്യാർഥി പ്രവേശന നടപടികൾ ആരംഭിച്ചിട്ടുണ്ട്. 2021ൽ ആണ് സീതത്തോട്ടിൽ നഴ്സിങ് കോളേജ് ഗവൺമെന്റ് പ്രഖ്യാപിച്ചത്. സീതത്തോട്  പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 14,500 ചതുരശ്ര അടിയിലുള്ള 4 നില കെട്ടിടത്തിലാണ് കോളേജ് പ്രവർത്തനം ആരംഭിക്കുന്നത്. പരിശോധനകൾ പൂർത്തിയാക്കി ആരോഗ്യവകുപ്പ്  എൻഒസി നൽകി.   നഴ്സിങ് കൗൺസിൽ അംഗങ്ങൾ സീതത്തോട്ടിൽ  എത്തി പരിശോധനകൾ പൂർത്തിയാക്കിയിരുന്നു.  ആരോഗ്യ സർവകലാശാലയുടെ അന്തിമ പരിശോധനയും  പൂർത്തിയായി. കോഴഞ്ചേരി ജില്ലാ ആശുപത്രി പേരന്റ് ആശുപത്രിയായി കോന്നി മെഡിക്കൽ കോളേജിൽ അഫിലിയേറ്റ് ചെയ്താണ്  സീതത്തോട് നഴ്സിങ് കോളേജ് പ്രവർത്തിക്കുക. നിലവിൽ 45 ലക്ഷം രൂപയുടെ ഫർണിച്ചറുകളും ലാബ് ഉപകരണങ്ങളും ഇവിടെ എത്തിച്ചിട്ടുണ്ട്.  സീതത്തോട് പഞ്ചായത്ത് 13 ലക്ഷം രൂപ  ചെലവഴിച്ച്  കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിയും  വൈദ്യുതീകരണവും നടത്തി.  മെന്റൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, ചൈൽഡ് ഹെൽത്ത് നഴ്സിങ്‌, ഒബ്സ്ട്രാ സ്ട്രിക്സ്  ആൻഡ്‌ ഗൈനക്കോളജി, കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിങ്‌, മെഡിക്കൽ സർജിക്കൽ നഴ്സിങ്‌, , ഫൗണ്ടേഷൻ ഓഫ് നഴ്സിങ്‌, എന്നീ ഡിപ്പാർട്ട്മെന്റുകളാണ്  കോളേജുകളിൽ പ്രവർത്തിക്കുക. ആദ്യവർഷം നഴ്സിങ് ഫൗണ്ടേഷൻ ഡിപ്പാർട്മെന്റും, മെഡിക്കൽ സർജിക്കൽ നഴ്സിങ്‌  ഡിപ്പാർട്ട്മെന്റും പ്രവർത്തിക്കും  രണ്ടു നഴ്സിങ് കോളേജുകളിലും ആവശ്യമായ ജീവനക്കാരുടെ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി വീണാ ജോർജ്, ഉന്നത വിദ്യാഭ്യാസ  മന്ത്രി ഡോ. ആർ ബിന്ദു എന്നിവരുടെ നിരന്തര ഇടപെടലുകൾ മൂലമാണ്  ഈ അധ്യയന വർഷം തന്നെ വിദ്യാർഥി പ്രവേശനം സാധ്യമായതെന്ന്  അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. Read on deshabhimani.com

Related News