രാധാകൃഷ്ണകുറുപ്പിന് 
തണലായി ഇനി മല്ലിക



തിരുവല്ല  62–--ാം വയസിൽ അച്ഛന്‌  തുണയൊരുക്കി മക്കൾ. തണലായെത്തിയത് 60 കാരി മല്ലിക. കുറ്റൂർ പൊട്ടൻ മല രഞ്ചു ഭവനിൽ രാധാകൃഷ്ണ കുറുപ്പിനാണ് മക്കളും മരുമക്കളും ചേർന്ന് കല്യാണം ഒരുക്കിയത്. അടൂർ എനാദിമംഗലം സ്വദേശിയും അറുപത് കാരിയുമായ മല്ലികകുമാരിയാണ് രാധാകൃഷ്ണക്കുറുപ്പിന് വധുവായത്. മക്കളുടെയും മരുമക്കളുടെയും അടുത്ത ബന്ധുക്കളുടെയും പൂർണ സമ്മതത്തോടെ വെള്ളിയാഴ്ച രാവിലെ കാവുംഭാഗം തിരു ഏറെങ്കാവ് ഭഗവതി ക്ഷേത്രത്തിൽ രാധാകൃഷ്ണക്കുറുപ്പ് മല്ലികയ്ക്ക് താലി ചാർത്തി.  മൂന്ന് പതിറ്റാണ്ട് കാലമായി ഏറങ്കാവ് ക്ഷേത്രത്തിന് സമീപം സർബത്തും  സ്റ്റേഷനറി സാധനങ്ങളും വിൽക്കുന്ന കട നടത്തുകയാണ് രാധാകൃഷ്ണക്കുറുപ്പ്. ഹൃദയാഘാതത്തെ തുടർന്ന് ഒന്നര വർഷം മുമ്പാണ്  ഭാര്യ മരണപ്പെട്ടത്. മല്ലിക കുമാരിയുടെ ഭർത്താവ് അഞ്ചുവർഷം മുമ്പ് മരിച്ചു. ഇവർക്ക് മക്കൾ ഇല്ലാത്തതിനാൽ മല്ലിക വീട്ടിൽ തനിച്ചായിരുന്നു താമസം. രശ്മി, രഞ്ജു, എന്നീ രണ്ട് പെൺമക്കളും രഞ്ജിത്ത് എന്ന മകനുമാണ് രാധാകൃഷ്ണക്കുറുപ്പിനുള്ളത്. പെണ്മക്കൾ രണ്ടുപേരും വിവാഹിതരായി വിദേശത്താണ്‌ താമസം.  മകൻ രഞ്ജിത്ത്  പഠന ആവശ്യത്തിനായി കൊല്ലത്ത് ഹോസ്റ്റലിൽ താമസിക്കുന്നു. ഇതോടെ രാധാകൃഷ്ണക്കുറുപ്പിന്റെ ജീവിതം തീർത്തും ഒറ്റപ്പെട്ടതായി. ഭർത്താവുമൊത്ത് വിദേശത്തുള്ള ഇളയ മകൾ രഞ്ജു രണ്ടുമാസം മുമ്പ് നാട്ടിലെത്തി. അപ്പോഴാണ് വാർദ്ധക്യ സഹജമായ അസുഖങ്ങൾ ആരംഭിച്ച പിതാവിന്റെ ഒറ്റപ്പെട്ട ജീവിതത്തിലെ കഷ്ടപ്പാടുകൾ മനസ്സിലാക്കിയത്. ഇതൊടെ അച്ഛന്റെയും സഹോദരങ്ങളുടെയും സമ്മതത്തോടെ വിവാഹ ആലോചന ആരംഭിച്ചു. അങ്ങനെയാണ് മാട്രിമോണിയൽ  വഴി മല്ലിക കുമാരിയുടെ നമ്പർ ലഭിക്കുന്നത്. പുനർവിവാഹ കാര്യത്തിൽ മല്ലികയുടെ ബന്ധുക്കളും പൂർണസമ്മതം അറിയിച്ചതോടെ കാര്യങ്ങൾ വേഗത്തിലായി. തുടർന്നായിരുന്നു അടുത്ത ബന്ധുക്കളായ അമ്പതോളം പേരെ സാക്ഷി നിർത്തി വിവാഹം നടന്നത്‌. തിരുവല്ല , 60 കാരി മല്ലിക., രാധാകൃഷ്ണ കുറുപ്പ് Read on deshabhimani.com

Related News