ഉടൻ നൂറ്‌ തൊടാൻ രണ്ടാം ഡോസ്‌



പത്തനംതിട്ട  വാക്‌സിനേഷനിൽ ആദ്യ ഡോസ്‌ എടുത്തവരെ നൂറ്‌ ശതമാനത്തിലെത്തിച്ച്‌ രാജ്യത്തിന് മാതൃകയായിരിക്കയാണ്‌ ജില്ല. രണ്ടാം ഡോസിൽ ഉടൻ നൂറ്‌ തൊടും. ആരോഗ്യപ്രവർത്തകർക്ക്‌ നൽകി തുടങ്ങിയ വാക്‌സിൻ പൊതുജനങ്ങളിലേക്ക്‌ എത്തിച്ചപ്പോൾ ആശാ വർക്കർമാർ മുതൽ എല്ലാവരും കൃത്യമായ പ്രവർത്തനത്തിന്‌ നേതൃത്വം നൽകി. ജനുവരിയിൽ തുടങ്ങിയ വാക്‌സിനേഷൻ ഡ്രൈവ്‌ ഒരു തടസവുമില്ലാതെ മുന്നോട്ട്‌ കൊണ്ടുപോവുകയായിരുന്നു.  മാർച്ച്‌ ഒന്നിനാണ്‌ പൊതുജനങ്ങളിലേക്ക്‌ വാക്‌സിൻ എത്തി തുടങ്ങിയത്‌. 60 വയസ്‌ കഴിഞ്ഞവർക്ക്‌ എടുത്ത്‌ തുടങ്ങിയപ്പോൾ തന്നെ മറ്റ്‌ ജില്ലകളെ അപേക്ഷിച്ച്‌ പത്തനംതിട്ട മുന്നിലെത്തി. 2,97,005 പേർക്ക്‌ വാക്‌സിൻ നൽകാൻ ലക്ഷ്യമിട്ട്‌ 3,08,872 പേർക്കാണ്‌ ഈ വിഭാഗത്തിൽ ഇതുവരെ വാക്‌സിൻ നൽകിയത്‌. 45നും 60നുമിടയിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ 2,77,101 പേർക്ക്‌ വാക്‌സിൻ ലഭിച്ചു. 18 മുതൽ 44 വരെയുള്ള വിഭാഗത്തിൽ 4,04,71 പേർ വാക്‌സിനെടുത്തിട്ടുണ്ട്‌. 29,325 ആരോഗ്യ പ്രവർത്തകരും 25240 കോവിഡ്‌ മുൻനിര പോരാളികളും ആദ്യഡോസെടുത്തു. മൊത്തം 1,044,609 പേർ.  രണ്ടാം ഡോസ്‌ ഇതുവരെ എടുത്തവർ 6,33,585 പേരാണ്‌. ഇതിൽ 60 വയസിന്‌ മുകളിലുള്ളവർ 86 ശതമാനമാണ്‌. 45നും 60നും ഇടയിലുള്ളവർ 76 ശതമാനവും 18നും 45നും ഇടയിലുള്ളവർ 33 ശതമാനവുമാണ്‌. 83 ശതമാനം ആരോഗ്യ പ്രവർത്തകരും 86 ശതമാനം കോവിഡ്‌ മുൻനിര പോരാളികളും രണ്ടാം ഡോസെടുത്തിട്ടുണ്ട്‌. ഇവരിൽ ജില്ലയിൽ ജോലി ചെയ്യുന്ന മറ്റ്‌ ജില്ലക്കാരായ ആരോഗ്യപ്രവർത്തകരും ഉൾപ്പെടും.  സമ്പൂർണ വാക്‌സിനേഷൻ ലക്ഷ്യത്തോടടുക്കുന്നത്‌ ജില്ലയിൽ വ്യക്തം. കോവിഡ്‌ പ്രാഥമിക ചികിത്സാകേന്ദ്രം ഒരെണ്ണം മാത്രമാണ്‌ ഇപ്പോൾ പ്രവർത്തിക്കുന്നത്‌. സെക്കൻഡ്‌ ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്റർ മൂന്നെണ്ണം. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഗൃഹവാസ പരിചരണ കേന്ദ്രങ്ങൾ 12 എണ്ണം മാത്രം.  Read on deshabhimani.com

Related News