ഹെൽത്ത്‌ കാർഡ്‌ എല്ലാവരിലേക്കും



 പത്തനംതിട്ട സംസ്ഥാനത്ത്‌ ഹെൽത്ത്‌ കാർഡ്‌ എടുക്കാനുള്ള സമയം ഈ മാസം അവസാനിക്കാനിരിക്കെ ജില്ലയിൽ ഭൂരിഭാഗം ജീവനക്കാരും കാർഡെടുത്തു. ഭക്ഷണം കൈകാര്യം ചെയ്യുന്നവരും പാകം ചെയ്യുന്നവരും നിർബന്ധമായി ഹെൽത്ത്‌ കാർഡ്‌ എടുക്കണമെന്ന്‌ സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ ജീവനക്കാരുടെയും ഉടമകളുടെയും അസൗകര്യം കണക്കിലെടുത്ത്‌ രണ്ടുതവണ സമയം നീട്ടി നൽകി. നീട്ടിയ സമയം 31ന്‌ അവസാനിക്കും. ഇതിനോടകം ജില്ലയിലെ ഏറിയ പങ്ക്‌ ജീവനക്കാരും തൊഴിലാളികളും ഉടമകളും കാർഡ്‌ എടുത്തു കഴിഞ്ഞു.  നഗരസഭാ പരിധിയിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്‌ നേരത്തേതന്നെ കാർഡ്‌ ഉണ്ടായിരുന്നു. ഇപ്പോൾ നിയമമായതോടെ കൂടുതൽ ആളുകൾ എടുക്കാൻ തുടങ്ങി. കൂടാതെ സ്ഥാപനങ്ങളുടെ ലൈസൻസ്‌ പുതുക്കുന്ന സമയം ആയതിനാൽ എല്ലാ സ്ഥാപന ഉടമകളും ഹെൽത്ത്‌ കാർഡ്‌ എടുത്തു. ലൈസൻസ്‌ അപേക്ഷയോടൊപ്പം ഹെൽത്ത്‌ കാർഡ്‌ സമർപ്പിക്കണമായിരുന്നു. വലിയ സ്ഥാപനങ്ങളിൽ എല്ലാ ജീവനക്കാർക്കും കാർഡായിട്ടുണ്ട്‌. ചുരുക്കം ചില ചെറിയ സ്ഥാപനങ്ങളിലെ ആളുകൾക്ക്‌ മാത്രമാണ്‌ ആകാനുള്ളത്‌. ഇവരും വരും ദിവസങ്ങളിൽ കാർഡ്‌ എടുക്കുമെന്ന്‌ ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും നടത്തുന്ന പരിശോധനകളിൽ ഹെൽത്ത്‌ കാർഡും പരിശോധിക്കുന്നുണ്ട്‌. കാർഡ്‌ ഇല്ലാത്തവരെ താക്കീത്‌ ചെയ്യുകയും കാർഡ്‌ എടുക്കാൻ പറയുകയുമാണ്‌ ചെയ്യുന്നത്‌. ചില ഘട്ടങ്ങളിൽ നോട്ടീസും നൽകുന്നു. ഏപ്രിൽ മുതൽ നിർബന്ധമാകുന്നതോടെ കാർഡില്ലാത്തവർക്കെതിരെ പിഴ അടക്കമുള്ള കർശന നടപടി സ്വീകരിക്കും.  Read on deshabhimani.com

Related News