കോന്നി സുരേന്ദ്രന്‍ 
ധോണിയിലും ഹീറോ

2018ൽ കുങ്കി പരിശീലനത്തിന്സുരേന്ദ്രനെ കോന്നിയിൽനിന്ന് 
മുതുമലെെയിലേക്ക് കൊണ്ടുപോകുന്നു (ഫയൽചിത്രം)


കോന്നി ധോണിയിലെ ജനങ്ങളെ വിറപ്പിച്ച പി ടി സെവനെന്ന കൊമ്പനെ കൂട്ടിലാക്കിയതിന്‌ പിന്നിൽ കോന്നി സുരേന്ദ്രന്റെ കരുത്തും. പാലക്കാട് മലമ്പുഴ ധോണിയിൽ കാടിറങ്ങിയ കാട്ടാനയെ തളക്കാൻ നേതൃത്വം നൽകിയ കുങ്കിയാനകളിൽ പ്രധാനിയാണ്‌ കോന്നിയുടെ സ്വന്തം സുരേന്ദ്രൻ. വർഷങ്ങൾക്ക്‌ മുമ്പ്‌ കുട്ടിയായിരിക്കെ കോന്നി ആനക്കൂട്ടിൽ എത്തിയതാണ്‌ സുരേന്ദ്രൻ. അപൂര്‍വ്വം ആനകള്‍ക്ക് മാത്രം ലഭിക്കുന്ന അവസരമായ കുങ്കിയാന പരിശീലനത്തിനായി കോന്നിയുടെ മണ്ണില്‍ നിന്നും സുരേന്ദ്രന്‌ അവസരം ലഭിച്ചു. 2018ൽ തമിഴ്നാട്ടിലെ മുതുമലൈ ആനപരിശീലന കേന്ദ്രത്തിലെത്തിച്ച്‌ മൂന്ന് മാസത്തെ പരിശീലനം നൽകി. 1999ല്‍ റാന്നി രാജാംപാറയില്‍ വനത്തിനുള്ളില്‍ ചരിഞ്ഞ അമ്മയാനയുടെ സമീപത്തുനിന്ന്‌ ലഭിച്ച രണ്ട്‌ വയസ്‌ മാത്രം പ്രായമുണ്ടായിരുന്ന സുരേന്ദ്രനെ വനപാലകര്‍ കോന്നി ആനത്താവളത്തില്‍ എത്തിക്കുകയായിരുന്നു. പിന്നീട് സുരേന്ദ്രന്‍ ആന പ്രേമികള്‍ക്കും ജനങ്ങള്‍ക്കും പ്രിയങ്കരനായി മാറി. പത്തൊമ്പതാമത്തെ വയസില്‍ ഒന്‍പതരയടിയോളം പൊക്കമുണ്ടായിരുന്നു സുരേന്ദ്രന്. ജനവാസമേഖലയില്‍ കാട്ടാനകള്‍ ഇറങ്ങി ഭീഷണിയായി മാറിയ സാഹചര്യത്തില്‍ കൂടുതല്‍ ആനകള്‍ക്ക് കുങ്കിയാന  പരിശീലനം നല്‍കണമെന്ന സര്‍ക്കാര്‍ തീരുമാന പ്രകാരമാണ് സുരേന്ദ്രനെ അയച്ചത്. വാരിക്കുഴിയില്‍ വീഴുന്ന ആനകളെ കരകയറ്റി കൂടുവരെ എത്തിക്കാനും നിയന്ത്രിക്കാനും പരിശീലനം ലഭിച്ചവരാണ്‌ കുങ്കിയാനകള്‍. കാട്ടിൽ ആന അപകടത്തില്‍ പെടുകയോ മറ്റുള്ള ജീവികള്‍ക്ക് അപകടകരമായി മാറുകയോ ചെയ്യുമ്പോഴാണ് ഇവയെ പിടികൂടുവാന്‍ താപ്പാനകളുടെ സേവനം ആവശ്യമായി വരുന്നത്.   Read on deshabhimani.com

Related News