പരിശോധന കൂട്ടുന്നു



  പത്തനംതിട്ട ജില്ലയിൽ ഹൈറിസ്‌ക്‌ വിഭാ​ഗത്തിൽപ്പെടുന്നവരിൽ കോവിഡ് പരിശോധന കൂട്ടുന്നു. പ്രായമായവർ, കുട്ടികൾ, മറ്റു രോ​ഗങ്ങളുള്ളവർ എന്നിവരിലാണ് പരിശോധന കൂട്ടുക. ജില്ലാ കോവിഡ് അവലോകന യോ​ഗത്തിലാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാകും ഇക്കാര്യം നടപ്പാക്കുക.  നിലവിൽ ദിവസവും ആറായിരത്തിൽപ്പരം രോ​ഗികളെയാണ് പരിശോധിക്കുന്നത്. അത് കൂട്ടാനാണ് ശ്രമിക്കുന്നത്. കൂടുതൽ സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തി വാർഡുതല ജാ​​​ഗ്രതാ സമിതി ശക്തിപ്പെടുത്തും. ആശാ പ്രവർത്തകരെയും ആരോ​ഗ്യ വിഭാ​ഗത്തിലെ ഹെൽത്ത് ഇൻസ്പെക്ടർമാരെയും ഉൾപ്പെടുത്തിയാണ് ഇത് വിപുലപ്പെടുത്തുക. അതോടൊപ്പം വാർഡ് തലത്തിൽ വിദ്യാർഥികളെയും സന്നദ്ധപ്രവർത്തകരെയും വിവിധ രാഷ്ട്രീയപാർടി പ്രതിനിധികളെയും ഉൾപ്പെടുത്തി ദ്രുതകർമ സേനയും (ആർആർപി) വിപുലീകരിക്കും. എല്ലാവരുടെയും ഏകോപിത ശ്രമത്തിലൂടെ രോ​ഗപ്രതിരോധം ശക്തിപ്പെടുത്താനാണ് തീരുമാനം.  അടുത്തയാഴ്ച എല്ലാ മണ്ഡലത്തിലും എംഎൽഎമാർ മുൻകൈയെടുത്ത് യോ​ഗങ്ങൾ വിളിച്ച്  മണ്ഡലാടിസ്ഥാനത്തിൽ പ്രവർത്തനം ഏകോപിപ്പിക്കും. ആശുപത്രികളിൽ കോവിഡ് രോ​ഗികളുടെ എണ്ണം കൂടി വരുന്നുണ്ടെങ്കിലും ​ഗുരുതരമാകുന്നവർ കുറവാണ്. ഓക്സിജനടക്കം എല്ലാ ചികിത്സാ സൗകര്യവും ജില്ലയിൽ സജ്ജമാണെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ് ജില്ലാതല യോ​ഗത്തിലും വ്യക്തമാക്കി. കുട്ടികൾക്കും മുതിർന്നവരിലേക്കും രോ​ഗം പടരാതിരിക്കാൻ എല്ലാവരും ജാ​ഗ്രത പാലിക്കണം.  രണ്ടാം ഡോസ് വാക്സിൻ ജില്ലയിൽ 87 ശതമാനം പേരും എടുത്തു. വിദ്യാർഥികളിൽ 69.9 ശതമാനവും വാക്സിൻ എടുത്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.  കോവിഡ്  അല്ലാതെ പനി പിടിപെടുന്നവരുടെ എണ്ണവും കൂടി വരുന്നു. വൈറൽ ഫീവറാണിത്. മഞ്ഞും പൊടിയും ചൂടും ഇതിന് കാരണമാകുന്നു. കോവിഡ് മാനദണ്ഡത്തിൽ പറയുന്ന നിർദേശം തെറ്റാതെ പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് ആരോ​ഗ്യമന്ത്രി പറഞ്ഞു.  സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോ​ഗികളെ ചികിത്സിക്കാത്തതിനെതിരെയും രോ​ഗവിവരം മറച്ചു വയ്ക്കുന്നവർക്കെതിരെയും കർശന നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.     Read on deshabhimani.com

Related News