തദ്ദേശ സ്ഥാപനങ്ങൾ പ്രവർത്തനം ശക്തമാക്കണം: മന്ത്രി വീണാ ജോർജ്



  പത്തനംതിട്ട  തദ്ദേശ സ്ഥാപനങ്ങൾ വാർഡുതലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.  ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷരെ പങ്കെടുപ്പിച്ച് നടത്തിയ ഓൺലൈൻ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് പ്രതിരോധ  പ്രവർത്തനങ്ങളിൽ മാതൃകാപരമായ വാർഡുതല പ്രവർത്തനം  നടത്തണം. വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായം നൽകണം. സ്വയം നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആവശ്യമായ പിന്തുണ നൽകണം.  ആശുപത്രികളിൽ കോവിഡ് രോഗികളുടെ എണ്ണം കൂടിവരികയാണ്. ഓക്സിജൻ ഉല്‍പ്പാദനത്തിൽ ജില്ല സ്വയം പര്യാപ്തമാണ്. എല്ലാ ആശുപത്രികളിലും ആവശ്യമായ മരുന്നുകൾ ഉണ്ടെന്ന് ഉറപ്പാക്കും. ഫെബ്രുവരി പതിനഞ്ചോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പുതിയ ഐസിയു സ്ഥാപിക്കും. കോന്നി മെഡിക്കൽ കോളജിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അധിക സൗകര്യങ്ങൾ ഒരുക്കും.  കോവിഡ് എത്രപേരുണ്ടെന്ന്  അറിയിക്കാത്ത  സ്വകാര്യ ആശുപത്രികൾക്കെതിരെ എപ്പിഡമിക് ആക്ട് പ്രകാരം നിയമ നടപടി  സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികൾ  ഇപ്പോൾ  കിടക്കകള്‍ മാറ്റിവയ്ക്കുന്നില്ല. ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ പൂർണമായും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാകണമെന്നും  പ്രതിരോധ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്നും മാത്യു ടി തോമസ് എംഎൽഎ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോവിഡിന്റെ ആദ്യഘട്ടത്തിൽ ഇടപെട്ടതു പോലെയുള്ള സമീപനവും മുൻകരുതലും തയാറെടുപ്പുകളും സ്വീകരിക്കണമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, ഡിഎംഒ (ആരോഗ്യം) ഡോ. എൽ അനിതാകുമാരി, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടർ കെ ആർ സുമേഷ്, എൻഎച്ച്എം ഡിപിഎം ഡോ. ശ്രീകുമാർ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News