സ്‌കൂൾ തുറക്കൽ ഒരുക്കങ്ങൾ 
വിലയിരുത്തി



പത്തനംതിട്ട നവംബർ ഒന്നിന് സ്‌കൂൾ തുറക്കുന്നതിനായി നടക്കുന്ന ഒരുക്കങ്ങൾ ജില്ലാ പ്ലാനിങ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗം വിലയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. ഓമല്ലൂർ ശങ്കരൻ അധ്യക്ഷനായി.  ഒന്നര വർഷത്തിനു ശേഷമാണ് സ്‌കൂളുകൾ വീണ്ടും തുറക്കുന്നത്. ഇതുമൂലം വിപുലമായ ശുചീകരണം നടത്തേണ്ടതാണെന്ന് യോഗം വിലയിരുത്തി. മഴക്കെടുതി മൂലം നിരവധി സ്‌കൂളുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ നടത്തുന്ന സ്‌കൂളുകളുമുണ്ട്. കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ നടത്തിവന്നിരുന്ന സ്‌കൂളുകളിൽ നിന്ന് അവ ഒഴിവാക്കണമെന്ന് യോഗം തീരുമാനിച്ചു. ശുചീകരണം 26നു മുമ്പ്‌ പൂർത്തിയാക്കണം. അധ്യാപകർ, സ്‌കൂൾ ജീവനക്കാർ, വാഹനങ്ങളുടെ ഡ്രൈവർമാർ എന്നിവർ വാക്‌സിനേഷൻ പൂർത്തീകരിച്ചു എന്ന് ഉറപ്പുവരുത്തണമെന്നും നിർദേശിച്ചു.  കുട്ടികൾക്ക് ആവശ്യമായ സാനിറ്റൈസർ, സോപ്പ് എന്നിവ നൽകുന്നതിനായി സർക്കാർ ധനസഹായം അനുവദിച്ചിട്ടുണ്ട്. കൂടാതെ സർക്കാർ ഹൈസ്‌കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്തിൽനിന്ന്‌ 10,000 രൂപയിൽ അധികരിക്കാത്ത തുക നൽകാനും തീരുമാനമുണ്ട്.  കെട്ടിട ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്ത സ്‌കൂളുകൾക്ക് എത്രയും വേഗം ലഭ്യമാക്കണം. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ എല്ലാ സ്‌കൂളുകളും സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തണം. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും 27 ന് വിദ്യാഭ്യാസസമിതികൾ യോഗം ചേർന്ന് പ്രവർത്തന പുരോഗതി വിലയിരുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ നിർദേശിച്ചു.  കലക്ടർ ഡോ. ദിവ്യ എസ് അയ്യർ, നഗരസഭാധ്യക്ഷൻമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പ്ലാനിങ്‌ ഓഫീസർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബീനാ റാണി സ്വാഗതവും ജില്ലാ പ്ലാനിങ്‌ ഓഫീസർ സാബു സി മാത്യു നന്ദിയും പറഞ്ഞു.  Read on deshabhimani.com

Related News