കൈപ്പട്ടൂരിൽ അപ്രോച്ച്‌ റോഡ്‌ ബലപ്പെടുത്തും



പത്തനംതിട്ട കൈപ്പട്ടൂർ പാലത്തിന് ബലക്ഷയമില്ലെന്ന്‌ വിദഗ്‌ധസംഘത്തിന്റെ പരിശോധനയിൽ കണ്ടെത്തി. അപ്രോച്ച് റോഡിന്റെ ഭിത്തികൾ ഉടൻ  ബലപ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്ന്‌ വിദഗ്‌ധ സംഘം നിർദേശിച്ചു. കഴിഞ്ഞ ദിവസം അച്ചൻകോവിലാറ്റിലുണ്ടായ കുത്തൊഴുക്കിൽ അപ്രോച്ച് റോഡിന്റെ ഭിത്തിയിലെ പാറകൾ ഇളകി മണ്ണൊലിച്ചുപോയിരുന്നു. ഇത്‌ നാട്ടുകാരും പൊലീസും അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ്‌ ദേശീയപാത കൊല്ലം ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനീയർ കെ എ ജയയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്‌.  സമീപത്തെ വീടിനോടു ചേർന്നുള്ള ഭിത്തികൾക്കിടയിൽ കല്ലിളകിയ ഭാഗത്ത് മണൽച്ചാക്ക് അടുക്കി മണ്ണൊലിപ്പ് താത്കാലികമായി തടയും. അപ്രോച്ച് റോഡിന്റെ ഭിത്തികൾ അടിയന്തരമായി ബലപ്പെടുത്താൻ 35 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്‌ തയാറാക്കിയിട്ടുണ്ട്‌. ഇതിനായുളള ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കി നിർമാണം തുടങ്ങും. ഇതിന് മുന്നോടിയായി കാടുതെളിച്ചു. റോഡിൽ ടാർ ഇളകിയ ഭാഗത്ത് താൽകാലിക അറ്റകുറ്റപ്പണി നടത്തും. അസി. എക്‌സിക്യൂട്ടീവ്‌ എൻജിനീയർ ജി എസ് ജ്യോതി, എ ഇ സജി കുഞ്ഞുമോൻ, കൺസൾട്ടന്റ് വിജയസേനൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. Read on deshabhimani.com

Related News