ഭാരതബന്ദും കർഷക ഹർത്താലും വിജയിപ്പിക്കുക: കർഷകസംഘം



പത്തനംതിട്ട  27ന്‌ നടക്കുന്ന ഭാരതബന്ദും കർഷക ഹർത്താലും വിജയിപ്പിക്കാൻ കർഷകസംഘം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ദേശീയതലത്തിൽ നടക്കുന്ന സംയുക്ത കർഷകമോർച്ചയുടെ കർഷകപ്രക്ഷോഭം ഏഴുമാസം പിന്നിട്ട സാഹചര്യത്തിലാണ്‌ കർഷകസംഘടനകളും ട്രേഡ്‌ യൂണിയനുകളും ഹർത്താലിന്‌ ആഹ്വാനം ചെയ്‌തത്‌.  കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന്‌ കർഷകദ്രോഹ നിയമങ്ങളും വൻകിട മുതലാളിമാർക്ക്‌ വേണ്ടി നടപ്പാക്കുന്ന തൊഴിൽനിയമ ഭേദഗതികളും പിൻവലിക്കുക, പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധന പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ ഭാരതബന്ദ്‌ നടത്തുന്നത്‌.  ബന്ദിനോടനുബന്ധിച്ച്‌ കേരളത്തിൽ കാർഷികമേഖലയിൽ ഹർത്താൽ ആചരിക്കാനും ഇതിന്റെ പ്രചാരണാർഥം 25ന്‌ ഏരിയ കേന്ദ്രങ്ങളിൽ വൈകിട്ട്‌ നാലുമുതൽ സായാഹ്നധർണ നടത്താനും കർഷകസംഘം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്‌.  ഹർത്താലും ധർണയും വിജയിപ്പിക്കാൻ എല്ലാ കർഷകരും രംഗത്തിറങ്ങണമെന്ന്‌ കർഷകസംഘം ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ ബാബു കോയിക്കലേത്ത്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ തുളസീധരൻ പിള്ള റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി അഡ്വ. ഓമല്ലൂർ ശങ്കരൻ പരിപാടി വിശദീകരിച്ചു. Read on deshabhimani.com

Related News