ചരക്കുവാഹന തൊഴിലാളി പണിമുടക്ക്‌ 28ന്‌



  പത്തനംതിട്ട  വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ഓൾ കേരള ഗുഡ്‌സ്‌ ട്രാൻസ്‌പോർട്ട്‌ വർക്കേഴ്‌സ്‌ ആൻഡ്‌ ഓണേഴ്‌സ്‌ കോ–ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ ടിപ്പർ, ലോറി, ടെമ്പോ തൊഴിലാളികൾ 28ന്‌ പണിമുടക്കും. നിർമാണ സാമഗ്രികൾ കൊണ്ടുപോകുന്ന വാഹനങ്ങൾ തടഞ്ഞ്‌ പരിശോധനയും അമിത പിഴയും ഈടാക്കുന്നത്‌ അവസാനിപ്പിക്കുക, ഖനന കേന്ദ്രങ്ങളിൽ പെർമിറ്റ്‌, തൂക്കം എന്നിവ പരിശോധിക്കാൻ സൗകര്യമൊരുക്കുക, ആർടിഒ, പൊലീസ്‌, റവന്യൂ, മൈനിങ്‌ ആൻഡ്‌ ജിയോളജി എന്നിവരുടെ പീഡനം അവസാനിപ്പിക്കുക, എഫ്‌സിഐ ലോറി തൊഴിലാളികളുടെ ജോലി സംരക്ഷിക്കുക, ടിപ്പർ വാഹനങ്ങൾക്ക്‌ ഏർപ്പെടുത്തിയ സമയനിയന്ത്രണം പൂർണമായി പിൻവലിക്കുക, ദൂരവും ഭാരവും കണക്കാക്കി വാടക നിശ്‌ചയിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ പണിമുടക്ക്‌. 28ന്‌ പത്തനംതിട്ട അബാൻ ജങ്‌ഷനിൽനിന്ന്‌ സിവിൽ സ്‌റ്റേഷന്‌ മുന്നിലേക്ക്‌ പ്രകടനം നടത്തും.  കോ–ഓർഡിനേഷൻ യോഗം സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം കെ സി രാജഗോപാലൻ ഉദ്‌ഘാടനം ചെയ്‌തു. എം വി സഞ്ജു അധ്യക്ഷനായി. ജ്യോതിഷ്‌കുമാർ മലയാലപ്പുഴ, വാലുപാറ സുലൈമാൻ, മനോജ്‌ കരിഷ്‌മ, മുഹമ്മദ്‌ സാദിഖ്‌, രാജേഷ്‌കുമാർ എന്നിവർ സംസാരിച്ചു.  പണിമുടക്കിന്‌ മുന്നോടിയായി താലൂക്ക്‌ യോഗങ്ങൾ ചേരും. തിരുവല്ലയിൽ 24ന്‌ രാവിലെ 9നും റാന്നിയിൽ 24ന്‌ രാവിലെ 9നും കോന്നിയിൽ 24ന്‌ പകൽ 3നും അടൂരിൽ 25ന്‌ പകൽ 3നും മല്ലപ്പള്ളിയിൽ 25ന്‌ രാവിലെ 9നും കോഴഞ്ചേരിയിൽ 25ന്‌ പകൽ 3നും യോഗം നടക്കും.     Read on deshabhimani.com

Related News