160 ഹെക്‌ടറില്‍ തുടക്കം



പത്തനംതിട്ട ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമാക്കി സംസ്ഥാനസർക്കാർ നടപ്പാക്കുന്ന "ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതി ജില്ലയിൽ 160 ഹെക്ടറിൽ തുടക്കമായി. നാലു ന​ഗരസഭകളിലും 49 പഞ്ചായത്തുകളിലും പദ്ധതിക്ക് തുടക്കമായി. പച്ചക്കറികൾ, കിഴങ്ങുവർ​ഗങ്ങൾ, ഇലക്കറികൾ തുടങ്ങിയ വിളകൾക്ക് പ്രാമുഖ്യം നൽകിയാണ് പദ്ധതി തുടങ്ങിയത്. 960 പുതിയ കർഷകരെ പദ്ധതിയുടെ ഭാ​ഗമായി  ഉൾപ്പെടുത്തി.  ഒരു വാർഡിൽനിന്നും 200 പുതിയ കർഷകരെ കണ്ടെത്തി അവരെ കൃഷിയിലേക്ക് കൊണ്ടുവരികയായിരുന്നു ലക്ഷ്യം. ഇതുവഴി പ്രാദേശിക വിപണി ശക്തമാക്കാനും കൂടുതൽ തൊഴിലവസരം സൃഷ്‌ടിക്കാനും കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന കാർഷികവിളകൾക്ക് പ്രാമുഖ്യം നൽകാനുമാവുന്നു.  പദ്ധതിയുടെ ഭാഗമായി 1, 41 ,533 പച്ചക്കറി വിത്തുപാക്കറ്റുകൾ വിതരണംചെയ്തു. കൂടാതെ വിഎഫ്പിസികെയിൽനിന്ന് ലഭിച്ച 35,000 വിത്ത് പായ്‌ക്കറ്റുകളും 47,000 പച്ചക്കറി തൈകളും വിതരണം ചെയ്‌തു. 2,40,000 വിത്തുകളും വിതരണം ചെയ്യുന്നു.  കൂടുതൽ മേഖലകളെ കാർഷികരംഗത്തേക്ക് കൊണ്ടുവരികയെന്നതും പരിസ്ഥിതിസംരക്ഷണത്തിന് പ്രാമുഖ്യം നൽകുന്നതും പദ്ധതിയുടെ ഭാ​ഗമാണ്. സംസ്ഥാന സർക്കാരിന്റെ രണ്ടാം 100 ദിന കർമ പരിപാടിയുടെ ഭാഗമായാണ് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി നടപ്പാക്കുന്നത്. വരുംദിവസങ്ങളിൽ മറ്റ്‌ തദ്ദേശ സ്ഥാപനങ്ങളിലും പദ്ധതി പ്രാവർത്തികമാക്കും. Read on deshabhimani.com

Related News