ഞായറാഴ്ച ഡ്രൈഡേ: 
മന്ത്രി വീണാ ജോർജ്



പത്തനംതിട്ട മഴക്കാല പൂർവ ശുചീകരണത്തിന്റേയും ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ പ്രതിരോധ പ്രവർത്തനത്തിന്റെയും ഭാഗമായി ജില്ലയിൽ ഞായറാഴ്ച എല്ലാവരും ഡ്രൈഡേ ആചരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്പറഞ്ഞു.  ഓൺലൈനായി ചേർന്ന ജില്ലാ ആരോഗ്യ ജാഗ്രത യോഗത്തിൽ അധ്യക്ഷയായി സംസാരിക്കുകയായിരുന്നു മന്ത്രി. വെള്ളിയാഴ്ച സ്‌കൂളുകളും, ശനിയാഴ്ച മറ്റു സ്ഥാപനങ്ങളും ശുചിയാക്കണം. സ്‌കൂൾ തുറക്കുന്നതിനു മുൻപ് സ്‌കൂളുകളിൽ പരിശോധന നടത്തി ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. വാർഡുതല സാനിറ്റേഷൻ കമ്മറ്റിയുടെ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യുവാൻ പുതിയ സംവിധാനം ഏർപ്പെടുത്തും.  പഞ്ചായത്ത്, ബ്ലോക്ക്, മണ്ഡല അടിസ്ഥാനത്തിൽ മോണിറ്ററിങ് നടപ്പാക്കും. ബ്ലോക്കുതല മോണിറ്ററിങ് ഈ മാസം  23, 24 തീയതികളിൽ നടത്തും.മണ്ഡലാടിസ്ഥാനത്തിൽ 25, 26 തീയതികളിലും നടത്തും. ജില്ലയിൽ ഡെങ്കിപ്പനിയേക്കാൾ എലിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിനാൽ ആരോഗ്യ വകുപ്പ് ബോധവത്കരണ പ്രവർത്തനം ഊർജിതമാക്കണം. ഡോക്സി സൈക്ലിൻ ഗുളിക എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. എംഎൽഎമാരായ അഡ്വ. മാത്യു ടി തോമസ് , അഡ്വ. കെ യു.ജനീഷ് കുമാർ,  അഡ്വ.പ്രമോദ് നാരായൺ, കലക്ടർ ഡോ. ദിവ്യ എസ് അയ്യർ  തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News