സമ്പൂർണ വികസനം



പത്തനംതിട്ട കുടിവെള്ള പ്രശ്‌ന പരിഹാരത്തിനും മാലിന്യ സംസ്‌കരണത്തിനും പ്രാധാന്യം നൽകി പത്തനംതിട്ട നഗരസഭ ബജറ്റ്‌. നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന 2023–24 വര്‍ഷത്തെ മാർഗരേഖ വൈസ്‌ ചെയർപേഴ്‌സൺ ആമിന ഹൈദരാലി അവതരിപ്പിച്ചു. നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ആമുഖ പ്രസംഗം നടത്തി. പത്തനംതിട്ട നഗരം നേരിടുന്ന രൂക്ഷമായ കുടിവെള്ള പ്രതിസന്ധിക്ക്‌ ശാശ്വത പരിഹാരം കാണുന്നതാണ്‌ ബജറ്റ്‌. 75.95 കോടി ആകെ വരവും 61.90 കോടി ചെലവും 14.04 കോടി നീക്കിയിരിപ്പുമുള്ള ബജറ്റാണ്‌ അവതരിപ്പിച്ചത്‌. കുടിവെള്ള ക്ഷാമം പരിഹരിക്കുവാൻ ബൃഹത്‌ പദ്ധതിയ്‌ക്കാണ്‌ ബജറ്റ്‌ രൂപം നൽകിയിരിക്കുന്നത്‌. അമൃത്‌ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിലെ ഉയർന്ന പ്രദേശങ്ങളിൽ സംഭരണികൾ സ്ഥാപിച്ച്‌ 32 വാർഡുകളിലെയും മുഴുവൻ കുടുംബങ്ങളിലും ശുദ്ധജലം എത്തിക്കും. ഇതിനായി 23 കോടി രൂപയാണ്‌ വകയിരുത്തിയിരിക്കുന്നത്‌. മണിയാർ ഡാമിൽ നിന്ന്‌ വെള്ളം എത്തിച്ച്‌ 20 ദശലക്ഷം ലിറ്റർ ജലം പ്രതിദിനം ശുദ്ധീകരിച്ച്‌ വിതരണം ചെയ്യാൻ കഴിയുന്നതാണ്‌ പദ്ധതി.   കുടിവെള്ള പൈപ്പ്‌ ലൈൻ ദീർഘിപ്പിക്കുന്നതിനായി 75 ലക്ഷം രൂപയും വേനലിൽ എല്ലാ വാർഡിലും വെള്ളം എത്തിക്കുന്നതിനായി 25 ലക്ഷവും നീക്കി വെച്ചിട്ടുണ്ട്‌. മാലിന്യ സംസ്‌കരണത്തിനും മതിയായ ഊന്നൽ നൽകുന്നതാണ്‌ ബജറ്റ്‌. നഗരസഭയെ സമ്പൂർണ മാലിന്യ മുക്ത നഗരമാക്കി മാറ്റുന്നതിനുള്ള പദ്ധതികളാണ്‌ നഗരസഭയിൽ നടപ്പിലാക്കി വരുന്നത്‌. ഇതിന്‌ തുടർച്ച എന്ന നിലയിൽ 75 ലക്ഷം രൂപ മാലിന്യ സംസ്‌കരണത്തിനായി മാറ്റിവെച്ചു. എംസിഎഫ്‌, ആർആർഎഫ്‌ എന്നിവ സഥാപിക്കുന്നതിനും പരിപാലിക്കുന്നതിനുമായി 25 ലക്ഷം രൂപയും മഴക്കാലപൂർവ ശുചീകരണത്തിന്‌ 10 ലക്ഷവും മാലിന്യ സംസ്‌കരണത്തിന്‌ സ്ഥലം വാങ്ങുന്നതിനും 10 ലക്ഷം വകയിരുത്തി.  കെ കെ നായർ ജില്ലാ സ്റ്റേഡിയം അന്താരാഷ്‌ട്ര നിലവാരത്തിലേയ്‌ക്ക്‌ ഉയർത്താൻ 50 കോടി, തൊഴിലുറപ്പ്‌ പദ്ധതിയ്‌ക്ക്‌ 7.25 കോടിയും എസ്‌സി, എസ്‌ടി മേഖലയ്‌ക്ക്‌ 1.3 കോടിയും നഗരത്തിന്റെ മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിക്കുന്നതിന്‌ അഞ്ച്‌ ലക്ഷവും നഗരസഭാ ബസ്‌സ്റ്റാൻഡ്‌ നവീകരണത്തിന്‌ 26 കോടിയും പത്തനംതിട്ട കുമ്പഴ മത്സ്യ മാർക്കറ്റുകൾക്കായി നാല്‌ കോടി രൂപയും വകയിരുത്തി. പൊതുമരാമത്ത്‌ പ്രവർത്തികൾക്കായി 3.5 കോടിയും കാർഷിക, മൃഗസംരക്ഷണ മേഖലയ്‌ക്ക്‌ 42 ലക്ഷവും ശബരിമല ഇടത്താവളത്തിന്  72 ലക്ഷവും ബജറ്റിൽ മാറ്റി വെച്ചിട്ടുണ്ട്‌.   Read on deshabhimani.com

Related News