ഇലന്തൂരിൽ ഹോമിയോ മെഡിക്കൽ സെന്റർ



പത്തനംതിട്ട ജില്ലയിലെ വിവിധ ഹോമിയോ ഡിസ്പെൻസറികളിലേക്കുള്ള മരുന്നുകൾ ശേഖരിയ്‌ക്കാൻ ഇലന്തൂരിൽ ഹോമിയോ മെഡിക്കൽ സെന്റർ വരുന്നു. ഇലന്തൂർ ഹോമിയോ ഡിസ്പെൻസറിയ്ക്ക് സമീപത്ത്‌ കെട്ടിടം നിർമാണം പുരോഗമിക്കുന്നു. അനുമതി ലഭിച്ച്‌ ഒരു വർഷമായെങ്കിലും കോവിഡ് സാഹചര്യം മൂലം പണി നീണ്ടുപോകുകയായിരുന്നു. 1305 ചതുരശ്ര അടിയിൽ മൂന്ന് നിലകളുള്ള കെട്ടിടമാണ് നിർമിക്കുന്നത്.2017–-2018 സാമ്പത്തിക വർഷത്തിലെ സർക്കാരിന്റെ പ്ലാൻ ഫണ്ടിലാണ് പുതിയ മെഡിക്കൽ സ്റ്റോറിന് അനുമതി ലഭിക്കുന്നത്. 2019ൽ കെട്ടിടത്തിന് അനുമതി ലഭിച്ചു. അന്ന് സ്ഥലം കണ്ടെത്തിയിരുന്നില്ല. പകരം കുറ്റൂർ ഹോമിയോ ഡിസ്‌പെൻസറിയിലെ ഒരുമുറി ഇതിനായി തെരഞ്ഞെടുത്തു.  2021 സെപ്തംബറിലാണ് കെട്ടിടം തറക്കല്ലിട്ട് നിർമാണം തുടങ്ങിയത്. ജില്ലയിൽ 35 ഹോമിയോ ഡിസ്പെൻസറികളും കൊറ്റനാട് ഹോമിയോ ആശുപത്രിയും പ്രവർത്തിക്കുന്നുണ്ട്. മൂന്ന് നിലകളിൽ താഴത്തെ നില പാർക്കിങ്ങിനും രണ്ടാമത്തെ നില മെഡിക്കൽ ഓഫീസർക്കും മറ്റ് സ്റ്റാഫുകൾക്കും. ബാക്കിയുള്ള മുറിയിൽ മരുന്ന്‌ ശേഖരിക്കും. മൂന്നാമത്തെ നില പൂർണമായും മരുന്നുകൾ സൂക്ഷിക്കാനുള്ളതാണ്. കെട്ടിടത്തിന്റെ നിർമാണ ചെലവ് 45 ലക്ഷം രൂപയാണ്‌.  പുതിയ നിയമനങ്ങൾ ഉണ്ടാവില്ല. കെട്ടിടം പണി പൂർത്തിയായാൽ നിലവിലുള്ള സ്റ്റാഫ്‌ ഇലന്തൂരിലേക്ക് മാറും.  പൊതുമരാമത്ത് വകുപ്പിനാണ് നിർമാണച്ചുമതല. ആറ് മാസത്തിനുള്ളിൽ കെട്ടിടം പൂർത്തീകരിക്കാനാണ് ശ്രമമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. ഡി ബിജുകുമാർ പറഞ്ഞു. Read on deshabhimani.com

Related News