അതിഥികൾ അണ്ടർ കവർ



പത്തനംതിട്ട അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്ന പ്രവർത്തനം ജില്ലയിൽ മുന്നേറുന്നു. പൊലീസ് ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ്‌ ജില്ലയിലുള്ള തൊഴിലാളികളുടെ വിവര ശേഖരണം. സ്റ്റേഷൻ അടിസ്ഥാനത്തിൽ എസ്‌എച്ച്‌ഒമാർ നേരിട്ട്‌ നേതൃത്വം നൽകുന്നു. ഓരോ സ്റ്റേഷനിലും ശേഖരിക്കുന്ന വിവരങ്ങൾ ക്രൈം ബ്രാഞ്ചിന്റെ ഏകോപനത്തിൽ ജില്ലാ പൊലീസ്‌ മേധാവിയുടെ പക്കലെത്തും. ഇത്‌ ഡേറ്റാ ബാങ്കായി സൂക്ഷിക്കും. സംസ്ഥാനത്ത്‌ ഉടനീളം പൊലീസിന്റെ നേതൃത്വത്തിൽ ഈ പ്രവർത്തനം നടക്കുന്നു. ആലുവയിലെ ബാലികയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഒന്നര മാസത്തിനുള്ളിൽ ജില്ലയിൽ 9,700ലധികം അതിഥി തൊഴിലാളികളുടെ വിവരങ്ങളാണ്‌ താമസിക്കുന്ന സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും നേരിട്ടെത്തി ശേഖരിച്ചത്‌. തിരിച്ചറിയൽ രേഖ പരിശോധിച്ച്‌ ആളെ തിരിച്ചറിയും. സ്വന്തം സ്ഥലം, മേൽവിലാസം, ബന്ധുക്കളുടെ വിവരങ്ങൾ, സ്വന്തം ഫോൺ നമ്പർ, ബന്ധുക്കളുടെ നമ്പർ എന്നിവയാണ്‌ ശേഖരിക്കുക.  മതിയായ രേഖകളില്ലാതെ കണ്ടെത്തുന്ന തൊഴിലാളികൾക്ക്‌ രേഖകൾ ഹാജരാക്കാൻ സമയം അനുവദിക്കുന്നുണ്ട്‌. രേഖകൾ ഹാജരാക്കുന്നതുവരെ ഇവർ പൊലീസ്‌ നിരീക്ഷണത്തിലായിരിക്കും. തൊഴിലാളികൾക്കായി പൊലീസ്‌ സ്റ്റേഷൻ തലത്തിൽ ക്ലാസും നടത്തുന്നുണ്ട്‌. കുറ്റകൃത്യങ്ങൾ ഒഴിവാക്കാനും ഇവിടെ എത്തിയ ശേഷം മറ്റുള്ള ആളുകളുമായുള്ള ഇടപെടലിനെക്കുറിച്ചും ഇവർക്കിടയിലുള്ള പരസ്‌പര ബന്ധത്തെക്കുറിച്ചും പൊലീസ്‌ ബോധവൽക്കരണം നടത്തും.  Read on deshabhimani.com

Related News