നഷ്ടപ്പെട്ട രേഖകൾ നൽകാൻ നടപടി സ്വീകരിക്കും: മന്ത്രി വീണാ ജോർജ്



പത്തനംതിട്ട  ജില്ലയിൽ  മഴക്കെടുതിയിൽ ആധാരം ഉൾപ്പെടെയുള്ള നഷ്ടപ്പെട്ട രേഖകൾ തിരികെ ലഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ മഴക്കെടുതി വിലയിരുത്താൻ കലക്ടറേറ്റിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ  മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.  അപ്രോച്ച്‌റോഡ് ഒഴുകിപ്പോയ പുറമറ്റത്തെ കോമളം പാലത്തിന് സമീപം അടിഞ്ഞുകൂടിയ കല്ലും മണ്ണും തടിയും അടിയന്തരമായി നീക്കം ചെയ്യാൻ നിർദേശം നൽകി. വെള്ളം സുഗമമായി ഒഴുകുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു. ജില്ലയിലെ മുഴുവൻ പാലങ്ങളും പരിശോധിക്കാനും മന്ത്രി നിർദേശം നൽകി. പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് അത് ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. ദുരിതാശ്വാസ ക്യാമ്പുകളിൽ പുറത്തുനിന്ന് ആളുകൾ വരുന്നത് നിയന്ത്രിക്കും. ക്യാമ്പുകളിൽ ഹോർട്ടികോർപ്പ് പച്ചക്കറി ഇനങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം.  പച്ചക്കറി എത്തുന്നത് ഏകോപിപ്പിക്കാൻ ഡെപ്യൂട്ടി കലക്ടമാർ നടപടി സ്വീകരിക്കണമെന്നും മന്ത്രി  നിർദേശിച്ചു.  എംഎൽഎമാരായ മാത്യു ടി തോമസ്, അഡ്വ. പ്രമോദ് നാരായൺ, കലക്ടർ ഡോ. ദിവ്യ എസ് അയ്യർ, തുടങ്ങിയവർ പങ്കെടുത്തു.  Read on deshabhimani.com

Related News