കണ്ടാൽ പറയില്ല, വയസ് അറുപത്താറായെന്ന്‌



 മല്ലപ്പള്ളി  ഇന്നലെ പാലം കടന്നവർ പലരും അറിഞ്ഞിട്ടുണ്ടാകില്ല ശനിയാഴ്ച മല്ലപ്പള്ളി പാലത്തിന് വയസ് അറുപത്തിയാറായി.എന്നത്തെയും പോലെ കോവിഡ് കാലത്തും നിശ്ചലനായി പുത്തൻ നിറചാർത്തോടെ കടമ നിർവഹിക്കുകയാണ് മല്ലപ്പള്ളി പാലം. ഇക്കാലത്തിനിടെ പല തലമുറകൾ ഇതിലൂടെ കടന്നുപോയി. മണിമലയാറിന്റെ വരൾച്ചക്കും രൗദ്രതക്കും മണപ്പുറത്തെ ശിവരാത്രി രാവുകൾക്കും കൺവൻഷനുകൾക്കും നിശ്ചല സാക്ഷിയായി കാലത്തിനൊപ്പം  പല കുത്തൊഴുക്കുകളും അതിജീവിച്ചു. ഒരു പ്രളയവും പാലത്തോളമെത്തിയില്ല.  1954 സെപ്‌തംബർ 19ന് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ പാലം ഉദ്ഘാടനം ചെയ്യുന്നതിന്‌ മുമ്പ് പൂവനക്കടവ് എന്ന കടത്ത് മാത്രമായിരുന്നു മല്ലപ്പള്ളി.മണിമലയാറിന്‌ കുറുകെ പാലം തീർന്നതോടെയാണ് മല്ലപ്പള്ളി എന്ന സ്ഥലനാമത്തിന്‌ കൂടുതൽ പ്രചാരം ലഭിച്ചത്.1948ൽ ടെൻഡർ വിളിച്ചെങ്കിലും 1949 ഒക്ടോബർ പതിനേഴിനാണ് അന്നത്തെ തിരുക്കൊച്ചി പൊതുമരാമത്ത് മന്ത്രി കെ ആർ ഇല്ലങ്കത്ത് പാലത്തിന്റെ നിർമാണ ഉദ്ഘാടനം നിർവഹിച്ചത്. 5,13,500 രൂപയായിരുന്നു നിർമാണ ചെലവ്.തിരുവല്ല പെരിങ്ങര സ്വദേശി വി എം വർഗീസായിരുന്നു കരാറുകാരൻ. കെ കെ കർത്ത, ഇ ശിവരാമൻനായർ എന്നിവരായിരുന്നു ചീഫ് എഞ്ചിനിയർമാർ. നിർമാണ ചെലവ് മൂന്ന് ലക്ഷത്തിലധികമായതിനാൽ ആദ്യകാലത്ത് ടോൾ പിരിവ് ഉണ്ടായിരുന്നതായും പഴമക്കാർ പറയുന്നു. കേരളത്തിലെ ചുരുക്കം ആർച്ച് പാലങ്ങളിലൊന്നാണ് മല്ലപ്പള്ളി. ഇരു വശങ്ങളിലായി പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ആർച്ചുകൾ  ദൃശ്യചാരുതക്കൊപ്പം പാലത്തിന് കരുത്തും പകരുന്നു. ഇടക്കാലത്ത് മണൽ മാഫിയ പാലത്തിന്റെ അടിവേര്‌ മാന്തുന്ന ഘട്ടമെത്തിയെങ്കിലും തടയണ തീർത്ത് അതിജീവനം സാധ്യമാക്കി. ഒരു പഞ്ചായത്തിലെ ഇരു കരകളെയും കൂട്ടിചേർത്ത് ദേശാന്തരങ്ങളിലേക്കുള്ള യാത്ര ഇന്നും സുഗമമാക്കുകയാണ് മല്ലപ്പള്ളിയുടെ മുഖചിത്രമായി മാറിയ മല്ലൻപാലം. Read on deshabhimani.com

Related News