രണ്ട്‌ ഭവന സമുച്ചയങ്ങളുടെ നിർമാണ ഉദ്ഘാടനം നാളെ



പത്തനംതിട്ട സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്റെ മൂന്നാംഘട്ടത്തിൽ  ജില്ലയിൽ രണ്ടു ഭവന സമുച്ചയങ്ങളുടെ നിർമാണം ആരംഭിക്കും.  ഈ മാസം 24ന് പകൽ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർമാണോദ്‌ഘാടനം നിർവഹിക്കും. തദ്ദേശ സ്വയംഭരണ  മന്ത്രി എ സി മൊയ്തീൻ  അധ്യക്ഷനാകും.  സമുച്ചയങ്ങളിൽ ഒന്ന്‌ പന്തളം നഗരസഭയിലെ മുടിയൂർക്കോണം മന്നത്തു കോളനിയിലാണ്. നഗരസഭ വക 72.5 സെന്റ് സ്ഥലത്താണ് സമുച്ചയം ഉയരുന്നത്. നാലുനിലകളിലായി 32, 12 വീതം ഫ്ളാറ്റുകളുള്ള രണ്ടു ടവറുകളാണ് ഇവിടെ നിർമിക്കുക. രണ്ടു കിടപ്പുമുറികളും ഹാളും അടുക്കളയും ടോയ്‌ലെറ്റുമടങ്ങുന്ന ഒരു ഫ്ളാറ്റിന് 512 ചതുരശ്ര അടി തറവിസ്തീർണം ഉണ്ട്‌.  നിർമാണത്തിന്റെ അടങ്കൽ ചെലവ് 6.86 കോടി രൂപയാണ്. നിർമാണം ഏറ്റെടുത്തിരിക്കുന്നത് ഹൈദ്രാബാദ് ആസ്ഥാനമായ പെന്നാർ ഇൻഡസ്ട്രീസ് ലിമിറ്റഡാണ്. തൃശൂർ ഡിസ്ട്രിക്ട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രൊജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിയായി പ്രവർത്തിക്കുന്നത്.  രണ്ടാമത്തെ ഭവന സമുച്ചയം  ഏഴംകുളം പഞ്ചായത്തിലെ ഏനാത്ത്‌  88 സെന്റ് സ്ഥലത്താണ്‌  നിർമിക്കുന്നത്. നാലു നിലകളിലായി 28 വീതം ഫ്ളാറ്റുകളുള്ള രണ്ടു ടവറുകളാണ് ഇവിടെ നിർമിക്കുക. 7.87 കോടിരൂപയാണ് അടങ്കൽ ചെലവ്.  നിർമാണം ഏറ്റെടുത്തിരിക്കുന്നത് അഹമ്മദാബാദ് ആസ്ഥാനമായ മിത്സുമി ഹൗസിങ്‌ ലിമിറ്റഡ് ആണ്. സി ആർ നാരായണ റാവു(കൺസൽട്ടന്റ്സ്)പ്രൈവറ്റ് ലിമിറ്റഡാണ് പ്രൊജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിയായി പ്രവർത്തിക്കുന്നത്. രണ്ടിടത്തും  മുതിർന്നവർക്കുള്ള പ്രത്യേകമുറി, സിക്ക് റൂം, റിക്രിയേഷൻ ഹാൾ, കോമൺ ഫെസിലിറ്റി റൂം, ഇലക്ട്രിക്കൽ റൂം, മലിനജല ശുദ്ധീകരണ പ്ലാന്റ്, സൗരോർജ സംവിധാനം, ചുറ്റുമതിൽ, കുടിവെള്ളം,    വൈദ്യുതവിതരണ സംവിധാനങ്ങൾ മുതലായവയും ഉണ്ടാകും. ലൈറ്റ് ഗേജ് സ്‌റ്റീൽ ഫ്രെയിം ഘടകങ്ങൾ ഉപയോഗിച്ചുള്ള പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് നിർമാണം. ആറുമാസമാണ് നിർമാണ കാലാവധി.  ശിലാഫലകം അനാച്ഛാദനം ചെയ്യുന്ന ചടങ്ങ് പ്രാദേശികമായി സംഘടിപ്പിക്കും. പന്തളത്ത്‌ മന്ത്രി കെ രാജുവും  ഏനാത്ത്‌  ചിറ്റയം ഗോപകുമാർ എംഎൽഎയും ശിലാഫലകം അനാച്ഛാദനം ചെയ്യും. ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാ ദേവി മുഖ്യാതിഥി ആയിരിക്കും.    Read on deshabhimani.com

Related News