‘സല്യൂട്ട്' ഉടൻ പുറത്തിറങ്ങും



പത്തനംതിട്ട കേരള പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായി പൊലീസ് ഉദ്യോഗസ്ഥർ രചിച്ച ചെറുകഥകളുടെ  സമാഹാരം ഉടൻ പുറത്തിറങ്ങും. ‘സല്യൂട്ട് ' എന്നുപേരിട്ട കഥാസമാഹാരത്തിൽ എഡിജിപി മുതൽ സിപിഒ വരെയുള്ളവരുടെ രചനകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എഡിജിപി ബി സന്ധ്യയാണ് എഡിറ്റർ.  ഒരുവർഷം മുൻപ് എഡിജിപി സന്ധ്യ എഡിറ്ററായി രൂപപ്പെട്ട ആശയം കോവിഡ് സംബന്ധമായ കാരണങ്ങളാൽ പൂർണതയിലെത്താൻ വൈകി. പ്രിന്റിങ്‌ ജോലി പുരോഗമിക്കുന്ന പുസ്തകം അടുത്തമാസം ആദ്യ ആഴ്ച  പുറത്തിറങ്ങും.  പുസ്തകത്തിന്റെ പുറംചട്ട കഴിഞ്ഞദിവസം പുറത്തിറക്കി. കണ്ണൂർ ജി വി ബുക്സ് ആണ് പ്രസാധകർ. പൊലീസ് ഉദ്യോഗസ്ഥരിൽനിന്ന്‌ ലഭിച്ച  56 കഥകളിൽനിന്ന്‌ തെരഞ്ഞെടുത്ത  19 കഥകൾ സമാഹാരത്തിലുണ്ട്‌. ആകെ 20 കഥകളിൽ ആദ്യത്തേത് എഡിജിപി സന്ധ്യയുടേതാണ്. അവതാരികയും എഡിജിപിയുടേതാണ്.  ജില്ലയിൽനിന്ന്‌ രണ്ടു  ഉദ്യോഗസ്ഥരുടെ സൃഷ്ടികൾ  സമാഹാരത്തിൽ ഉൾപ്പെടുന്നതായി  ജില്ലാ പൊലീസ് മേധാവി കെ ജി  സൈമൺ അറിയിച്ചു. ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലെ എഎസ്ഐ സജീവ് മണക്കാട്ടുപുഴ, അടൂർ കെഎപി മൂന്നാം ബറ്റാലിയനിലെ ഹവിൽദാർ മിഥുൻ എസ് ശശി എന്നിവരുടെ രചനകളാണ് ഉൾപ്പെട്ടിട്ടുള്ളത്.  Read on deshabhimani.com

Related News