ദാമോദരന്റെ മനസ്സിനും പുല്ലാങ്കുഴൽ നാദം



പത്തനംതിട്ട -  കെപിഎസിയുടെ "ബലികുടീരങ്ങളേ' എന്ന നാടക ഗാനം  ദാമോദരൻ പുല്ലാങ്കുഴലിൽ വായിച്ചാൽ ആരും കേട്ടുനിന്നു പോകും.കലാഭവൻ മണിയുടെ നാടൻപാട്ടുകളായാൽ ആളുകൾ ചുറ്റും കൂടും. പുല്ലാങ്കുഴൽ നാദത്തിലൂടെ കേൾവിക്കാരെ കൈയിലെടുക്കുകയാണീ കൊച്ചുകലാകാരൻ. ഇവിടെ പത്തനംതിട്ട ചുട്ടിപ്പാറയുടെ അടിവാരത്തിലെ അമ്മാവന്റെ വീട്ടിൽ ചെറുതും വലുതുമായ ഓടക്കുഴൽ ഉണ്ടാക്കുന്ന തിരക്കിലാണ് "ഓടക്കുഴൽ ദാമോദരൻ' എന്ന് നാട്ടുകാർ വിളിക്കുന്ന ദാമോദരൻ (56).  ചെറുപ്പത്തിൽ ഓടക്കുഴലുകളുമായി വിൽപ്പനക്കെത്തിയ ആളെ കണ്ടപ്പോൾ  എനിക്കൂകൂടി ഊതാൻ തരാമോയെന്ന് ചോദിച്ചു.പൊക്കം കുറഞ്ഞ ദാമോദരനോട്‌ കാശുണ്ടെങ്കിൽ തരാമെന്ന് പരിഹാസത്തോടെ പറഞ്ഞിട്ട് അയാൾ  പോയി. പണമൊന്നും കൈയ്യിലില്ലാ ത്ത ദാമോദരൻ സങ്കടപ്പെട്ടാണ് അന്ന് വീട്ടിലേക്ക് മടങ്ങിയത്. പക്ഷെ അന്നൊരു തീരുമാനമെടുത്തു സ്വന്തമായി ഒരു ഓടക്കുഴൽ ഉണ്ടാക്കുക. ഓടക്കുഴൽ വിൽക്കുന്നയിടങ്ങളിലും വായിക്കുന്നവരുടെ അരികിലും ചെന്ന് കണ്ടു പഠിച്ചു. കോന്നി വനപ്രദേശത്ത് നിന്ന് ഈറ സംഘടിപ്പിച്ചു. നിരവധി ശ്രമങ്ങൾക്കൊടുവിൽ മനോഹരമായ ഓടക്കുഴൽ പൂർത്തിയായി. സുഷിരത്തിൽ ചുണ്ടുചേർത്ത് ഊതിയപ്പോൾ കേട്ട ശബ്ദം ഇന്നും ചെവിയിലുണ്ടന്നാണ് ദാമോദരൻ പറയുന്നത്.ഓടക്കുഴൽ വായിക്കാനായി നാടക, സിനിമാ ഗാനങ്ങളും ഭക്തിഗാനങ്ങളും പഠിച്ചു. ആ ഗാനങ്ങൾ പുല്ലാങ്കുഴലിലൂടെ ഒഴുകി.  ജീവിത മാർഗമായി ഓടക്കുഴൽ ഉണ്ടാക്കി വിൽക്കാൻ തീരുമാനിച്ചു. വിപണിയിൽ ലഭിക്കുന്ന മുന്തിയ തരത്തിലുള്ളതിനേക്കാളും മനോഹരമായ പുല്ലാങ്കുഴലുകളാണ് ദാമോദരൻ ഉണ്ടാക്കിയെടുക്കുന്നത്.  വീടിന്റെ ഒരു ഭാഗം പണിശാലയാക്കി. ഓടക്കുഴലുകളുമായി വലഞ്ചൂഴി ക്ഷേത്രത്തിലെ ഉത്സവത്തിനാണ്‌ ആദ്യം പോയത്. ഉത്സവകാലം കഴിഞ്ഞപ്പോൾ ഒരു തോൾ സഞ്ചിയിൽ നിറയെ ഓടക്കുഴലുമായി പത്തനംതിട്ട നഗരത്തിലേക്കിറങ്ങി. ഓടക്കുഴലും വായിച്ചുകൊണ്ടാണ് വരുന്നതും പോകുന്നതും. പാട്ടുകേൾക്കുമ്പോഴേ ആളുകൾ കൂട്ടം കൂടും.  പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് വിൽപന.വിപണിയിൽ 500 രൂപ വിലവരുന്നവ 50ഉം 100ഉം രൂപയ്ക്കാണ് കൊടുക്കുന്നത്. ആരെങ്കിലും  സഹായം ചോദിച്ചാൽ  നൽകാനും ദാമോദരന് ഒരു മടിയുമില്ല. അധ്വാനിക്കുന്നതിന്റെ ഒരു വിഹിതം നിരാലംബർക്ക്‌ നൽകണമെന്നാണ് ദാമോദരന്റെ പക്ഷം. സ്‌കൂളുകളിൽ കുട്ടികളെ പ്രതിഫലമില്ലാതെ  ഓടക്കുഴൽ വായിക്കാൻ പഠിപ്പിക്കും. നാട്ടിലെ  കലാപരിപാടികളിലും  ആഘോഷങ്ങളിലും ഓടക്കുഴൽ വായിക്കാൻ ദാമോദരനെ കൊണ്ടു പോകും. അമ്മാവന്റെ വീടായ തടത്തിൽ വീട്ടിലാണ് താമസം. അവരുടെ സ്നേഹമാണ് ഈ ചെറിയ മനുഷ്യന് വലിയ മനസ്സ്‌ നൽകിയത്. Read on deshabhimani.com

Related News