കാലം തെറ്റി മഴ; സ്‌കൂൾ 
വിപണിക്കും തിരിച്ചടി

കനത്ത മഴയിൽ കുടയുമായി പോകുന്ന യാത്രികർ. പത്തനംതിട്ട നഗരത്തിലെ ദൃശ്യം


പത്തനംതിട്ട കാലവും കണക്കും തെറ്റി എത്തിയ മഴ വ്യാപാര മേഖലയിൽ സൃഷ്‌ടിച്ചത്‌ കടുത്ത പ്രതിസന്ധി. ദിവസങ്ങളായി തുടരുന്ന   മഴയിൽ, കച്ചവടം ഗണ്യമായി കുറഞ്ഞതിനാൽ കട പൂട്ടി പോകേണ്ട സ്ഥിതിയാണെന്നാണ് വ്യാപാരികൾ പറയുന്നത്. സ്‌കൂൾ തുറക്കാൻ 12 ദിവസം മാത്രം ശേഷിക്കെ സ്‌കൂൾ വിപണിയേയും മഴ നല്ല രീതിയിൽ തന്നെ ബാധിച്ചു.  മഴ മൂലം പലരും സാധനങ്ങൾ വാങ്ങുന്നത്‌ മാറ്റിവയ്‌ക്കുകയാണ്‌. കർഷകർക്കും തൊഴിലാളികൾക്കും മഴ കടുത്ത സാമ്പത്തിക പ്രതിസന്ധിയുമാണ്‌ സൃഷ്‌ടിച്ചത്‌. നിർമാണ മേഖലയിലും റബർ കർഷകരേയും മഴ പ്രതികൂലമായി ബാധിച്ചു. പുലർച്ചെ മുതൽ പെയ്യുന്ന മഴ റബർ ടാപ്പിങ്ങും അസാധ്യമാക്കി. ഇത്‌ റബർ കർഷകരേയും തൊഴിലാളികളേയും ഒരു പോലെയാണ്‌ പ്രതിസന്ധിയിലാക്കിയത്‌. സ്‌കൂൾ വിപണി ലക്ഷ്യമാക്കി സ്‌റ്റോക്ക്‌ തയ്യാറാക്കിയ വ്യാപാരികളും കടക്കെണിയിലായി. കടവാടക, ജീവനക്കാരുടെ ശമ്പളം,  തുടങ്ങിയവക്ക് പണം മാറ്റിവെച്ചാൽ പിന്നീട് കടങ്ങളുടെ കണക്ക് മാത്രമാണ് നീക്കിബാക്കിയായി ഉണ്ടാവുകയെന്നാണ്  പലരും പറയുന്നത്‌. വഴിയോര കച്ചവടക്കാരുടെ സ്ഥിതിയും പരിതാപകരമാണ്‌. അതിശക്ത മഴ കാരണം സാധനങ്ങൾ വിൽക്കാൻ കഴിയാതായതോടെ സാധനങ്ങൾ പൂർണ്ണമായി നശിക്കുന്ന സ്ഥിതിയാണ്.  സ്കൂൾ തുറക്കുന്ന കാലത്ത് മികച്ച കച്ചവടം പ്രതീക്ഷിച്ച തുണിവ്യാപാരികളും പ്രതിസന്ധിയിലായി. സ്കൂൾബാഗ്, ഷൂ, നോട്ട് ബുക്ക് തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. പഴം, പച്ചക്കറി, പലവ്യ‍ഞ്ജനം, തുണി, ഇലക്ടോണിക്സ് തുടങ്ങി എല്ലാ കച്ചവട മേഖലയിലും മഴ ഒരുപോലെ പ്രതിസന്ധി സൃഷടിച്ചു. Read on deshabhimani.com

Related News