അടച്ചിട്ട വീട്ടില്‍ തനിച്ചായ വൃദ്ധയെ 
മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്തു



അടൂര്‍  അടച്ചിട്ട വീട്ടില്‍ തനിച്ചായ 102 വയസ്സുള്ള വൃദ്ധമാതാവ് കുരമ്പാല സൗത്ത് വികാസ് ഭവനില്‍ ജാനകിയമ്മയെ അടൂര്‍ മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്തു. സംരക്ഷണം നല്‍കിയിരുന്ന മകള്‍ രമണിയമ്മ മകന്റെ ചികിത്സാര്‍ത്ഥം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ആയതോടെയാണ് ജാനകിയമ്മ ഒറ്റയ്‌ക്കായത്.  വീടിനോട് ചേര്‍ന്ന ഒറ്റമുറിയില്‍ കതകടച്ച് ഇരിപ്പായ ജാനകിയമ്മ മകളുടെ വരവിനായി കാത്തിരിക്കുകയായിരുന്നു. മകള്‍ ചെറുമകനുമായി ആശുപത്രിയിലാണെന്ന് ജാനകിയമ്മയ്ക്ക് അറിയില്ല.  അയല്‍ക്കാര്‍ ഭക്ഷണം എത്തിച്ച് വിളിച്ചിട്ടും കതക് തുറക്കുകയോ ഭക്ഷണം കഴിക്കാന്‍ തയ്യാറാവുകയോ ചെയ്യാത്തതിനാല്‍ കൗണ്‍സിലര്‍ അച്ചന്‍കുഞ്ഞ് ജോണും പൊതുപ്രവര്‍ത്തകനായ അരുണ്‍കുമാറും ചേര്‍ന്ന് വിവരം പൊലീസില്‍ അറിയിച്ചു.  തുടര്‍ന്ന് മഹാത്മ ജനസേവന കേന്ദ്രത്തില്‍ അഭയമൊരുക്കുവാന്‍  അഭ്യര്‍ഥിക്കുകയും മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷീല്‍ഡ, സൂപ്രണ്ട് പ്രീത ജോണ്‍ എന്നിവര്‍ സ്ഥലത്തെത്തി സംരക്ഷണം ഏറ്റെടുക്കുകയുമായിരുന്നു. ആവശ്യമായ സംരക്ഷണം നല്‍കുമെന്നും, മക്കള്‍ സംരക്ഷണം ഏറ്റെടുക്കാന്‍ എത്തിയാല്‍ കൂടെ അയക്കുമെന്നും മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല അറിയിച്ചു.   Read on deshabhimani.com

Related News