പരസ്യപ്രതിഷേധം കൂടും



പത്തനംതിട്ട ശനിയാഴ്ച പത്തനംതിട്ട ന​ഗരത്തിൽ കോൺ​ഗ്രസ് ബ്ലോക്ക് പദയാത്രയ്ക്കിടയിൽ ഉണ്ടായ കല്ലേറിലും ചീമുട്ടയേറിന്റെയും പേരിൽ ജില്ലയിലെ കോൺ​​ഗ്രസിൽ വീണ്ടും തർക്കം മുറുകി. ന​ഗരസഭ കൗൺസിലറും ഡിസിസി സെക്രട്ടറിയുമായ എം സി ഷെറീഫിനെ സംഘടനയിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി കെപിസിസി അറിയിപ്പ് വന്നെങ്കിലും ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് ഷെറീഫ് പറഞ്ഞു. തനിക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും  തന്നോട് ആരും  വിശദീകരണം  ചോദിച്ചിട്ടില്ലെന്നും  കാത്തിരുന്നു കാണാം എന്നും ഷെറീഫ് പറഞ്ഞു.  നാളുകളായി ജില്ലയിലെ കോൺ​ഗ്രസ് സംഘടനാ പ്രവർത്തനം മരവിച്ച അവസ്ഥയിലാണ്. സജീവമായി പ്രവർത്തിച്ച പലരെയും പ്രവര്‍ത്തനത്തിൽ സഹകരിപ്പിക്കാതിരികയോ പലരെയും പുറത്താക്കുകയും ചെയ്തിട്ടുണ്ട്. ജില്ലാ തലം മുതൽ എറ്റവും താഴെ ബുത്തുതലം വരെയും ഇതിന്റെ പ്രതിഷേധവും വ്യാപകമാണ്. മുൻ ഡിസിസി അധ്യക്ഷർ വരെ സംഘടിതമായി ഡിസിസി ഓഫീസിൽ നിന്ന് ഇറങ്ങിപ്പോരുകയും  തുടർന്ന് മുൻ ഡിസിസി അധ്യക്ഷൻ ബാബുജോർജിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.  മുൻ ഡിസിസി അധ്യക്ഷരെ വരെ അച്ചടക്ക നടപടിയെടുത്തപ്പോൾ താഴെത്തട്ടിലെ  കലഹം താനെ തണുക്കുമെന്നാണ് ജില്ലാ നേതൃത്വം കരുതിയത്. എന്നാൽ ഇതിന് നേരെ വിപരീത ഫലമാണ് ജില്ലയിൽ ഉണ്ടാകുന്നത്.  സാധാരണ രീതിയിൽ ഒരു കമ്മിറ്റിയും  വിളിച്ചു ചേർക്കാൻ പോലും  സാധിക്കാത്ത നിലയിലാണ് ജില്ലയിലെ സംഘടനാ സംവിധാനം. പുനസംഘടനാ ചർച്ചയും വഴിമുട്ടി. ജില്ലാ തലത്തിൽ ഇതിന്റെ ആലോചനാ യോ​ഗമാണ്   മുൻ ഡിസിസി അധ്യക്ഷരുടെ ഇറങ്ങിപ്പോക്കിൽ കലാശിച്ചത്.  പിന്നീട് സസ്പെൻഡ് ചെയ്യപ്പെട്ട ബാബു ജോർജ് പരസ്യമായി തന്നെ ജില്ലാ നേതൃത്വത്തിനെതിരെ രം​ഗത്തു വന്നു.  ആരോപണങ്ങൾക്ക് മുന്നിൽ ജില്ലാ നേതൃത്വം മൗനം പാലിച്ചു.  മറുപടി നൽകിയാൽ മറുചോദ്യവുമായി രം​ഗത്തെത്തുമെന്ന് വിമത വിഭാ​ഗം അറിയിച്ചിരുന്നു. ജില്ലാ നേതൃത്വം ചില പിടിയാളുകളുടെ കൈപ്പിടിയിലായതിനാൽ  അതില്‍ നിന്ന് മോചിപ്പിക്കാൻ ഏത് അറ്റം വരെയും പോകുമെന്ന് ജില്ലയിലെ ഒരു മുതിർന്ന കോൺ​ഗ്രസ് നേതാവ് പറഞ്ഞു. ഇനിയും പലരും പരസ്യമായി രം​ഗത്ത് വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. Read on deshabhimani.com

Related News