തൂക്കുപാലം സഞ്ചാരയോഗ്യമാക്കണം



പത്തനംതിട്ട  കുളക്കട, ഏഴംകുളം പഞ്ചായത്തുകളെ  ബന്ധിപ്പിക്കുന്ന കുളക്കടവ് നമ്പിമൺ കടവ്  തൂക്കുപാലത്തിന് സംഭവിച്ച കേടുപാടുകൾ അടിയന്തരമായി പരിഹരിച്ച് സഞ്ചാരയോഗ്യമാക്കുകയോ അല്ലെങ്കിൽ പുനർനിർമ്മാണം നടത്തുകയോ ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പത്തനംതിട്ട,കൊല്ലം കലക്ടർമാരും കുളക്കട, ഏഴംകുളം പഞ്ചായത്ത് സെക്രട്ടറിമാരും അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമീഷനംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികൾ മൂന്നുമാസത്തിനകം കമീഷനെ അറിയിക്കണം.  കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ നിർദ്ദേശാനുസരണം കൊല്ലം  കലക്ടറും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും റിപ്പോർട്ട് സമർപ്പിച്ചു.  2012 ജൂൺ 12 ന് സർക്കാർ സ്ഥാപനമായ കെൽ 89 ലക്ഷം ദുരന്ത പ്രതികരണനിധിയിൽ നിന്നും മുടക്കി നമ്പിമൺകടവ് തൂക്കുപാലത്തിന്റെ നിർമാണം പൂർത്തിയാക്കിയെങ്കിലും 2018 ൽ പാലത്തിന് തകരാർ സംഭവിക്കുകയും കൊല്ലം  കലക്ടർ പാലം അടക്കുകയും ചെയ്തു. അറ്റകുറ്റ പണികൾക്കായി പൊതുമരാമത്തിനെ സമീപിച്ചെങ്കിലും ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനം പണം മുടക്കണമെന്നായിരുന്നു അവരുടെ നിലപാട്. കൊല്ലം ജില്ലാ പഞ്ചായത്തും കുളക്കട  പഞ്ചായത്തും ചേർന്ന് എസ്റ്റിമേറ്റ് തയ്യാറാക്കി. കുളക്കട പഞ്ചായത്ത് തങ്ങളുടെ വിഹിതമായ 6, 77,149 രൂപ അറ്റകുറ്റപണികൾക്കായി കെല്ലിന് കൈമാറാൻ തീരുമാനിച്ചു. എന്നാൽ ഗുണഭോക്താക്കളിൽ അധികവും ഏഴംകുളം  പഞ്ചായത്തിൽ താമസിക്കുന്നതിനാൽ കുളക്കട പഞ്ചായത്ത് തുക നൽകാൻ വിസമ്മതിച്ചു. പുതിയ പാലം നിർമിക്കുന്നതാണ് പ്രായോഗികമെന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് സെക്രട്ടറി കമീഷനെ അറിയിച്ചു. പ്രകൃതി ദുരന്തമാണ് പാലം തകരാറിലാവാൻ കാരണമായതെങ്കിലും അധികാര കേന്ദ്രങ്ങളുടെ താൽപര്യകുറവ് ഇക്കാര്യത്തിൽ സംഭവിച്ചിട്ടുണ്ടെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.ഏനാത്ത് ഇളങ്ങമംഗലം സ്വദേശി വിനോദ് കുമാറാണ് പരാതി നൽകിയത്. തൂക്കുപാലം അടച്ചതോടെ  സ്കൂൾ കുട്ടികൾ ഉൾപ്പെടെ കടത്തുവള്ളമാണ് ഉപയോഗിക്കുന്നത്. Read on deshabhimani.com

Related News