നിറയ്‌ക്കാം പച്ചത്തുരുത്തുകൾ

ഇടത്തിട്ട കാവുമ്പാട്ട് ദേവീക്ഷേത്രത്തിലെ നക്ഷത്രവനം


കൊടുമൺ  കാലാവസ്ഥാ വ്യതിയാനത്തെ എങ്ങനെ നേരിടുമെന്ന്‌ ചിന്തിക്കുന്നവരൊക്കെ കൊടുമൺ പഞ്ചായത്തിനെ കണ്ടുപഠിക്കണം. എവിടെയും പച്ചപ്പ്‌. 18 വാർഡുകളിലായി മൊത്തം 27 പച്ചത്തുരുത്തുകൾ. പഞ്ചായത്തിനെ ഹരിതാഭമാക്കുന്നതിന്റെ ഭാഗമായി നൂറുകണക്കിന് വൃക്ഷത്തൈകളാണ് പഞ്ചായത്തിലുടനീളം നട്ടുനനച്ച് വളർത്തിയെടുത്തത്. സംസ്ഥാനത്താദ്യമായി പച്ചത്തുരുത്ത് പ്രഖ്യാപനം നടത്തിയതും ഇവിടെ തന്നെ.  ഹരിത കേരളം മിഷനുമായി ചേർന്ന് രൂപപ്പെടുത്തിയെടുത്ത പച്ചത്തുരുത്തുകൾ പാരിസ്ഥിതികാഘാതത്തെ തടയാൻ കഴിയുന്ന ചെറുവനങ്ങളായി മാറിക്കഴിഞ്ഞു. വൻമരങ്ങൾ, കുറ്റിച്ചെടികൾ, ഫലവൃക്ഷങ്ങൾ, പൂമരങ്ങൾ, ഔഷധച്ചെടികൾ തുടങ്ങി ജൈവ വൈവിധ്യങ്ങൾ നിറഞ്ഞതാണ് ഓരോ പച്ചത്തുരുത്തുകളും. പത്ത് സെന്റ് മുതൽ ഒരേക്കർ വരെ വിസ്തൃതിയിൽ വൃക്ഷങ്ങൾ നട്ടുവളർത്തി.  ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വൃക്ഷങ്ങൾ പരിപാലിക്കുന്നു. ആര്യവേപ്പ്, അഗസ്ത്യച്ചീര, കണിക്കൊന്ന, കുമ്പിൾ, കൂവളം, നീർമരുത്, പാച്ചോറ്റി, അത്തി, ഇത്തി, എരിക്ക് തുടങ്ങിയ ഔഷധച്ചെടികളും ഞാവൽ, നെല്ലി, മാതളനാരകം, പ്ലാവ്, മാവ്, തുടങ്ങിയ ഫലവൃക്ഷങ്ങളും അരയാൽ, പേരാൽ, കാഞ്ഞിരം തുടങ്ങിയ വൻമരങ്ങളുമാണ് പുതിയതായി നട്ടുപിടിപ്പിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ, ഓഫീസ് അങ്കണം, സ്വകാര്യ വ്യക്തികൾ, ആരാധനാലയങ്ങളുടെ സ്ഥലം ഉൾപ്പെടെയുള്ളവയാണ് പച്ചത്തുരുത്തുകൾക്കായി തെരഞ്ഞെടുത്തത്.  ഇടത്തിട്ട കാവുമ്പാട്ട് ദേവീക്ഷേത്രത്തിലെ നക്ഷത്ര വനം പദ്ധതി ഏറെ ശ്രദ്ധേയമാണ്. 27  നക്ഷത്രങ്ങളുടെ പേരിലുള്ള വൃക്ഷത്തൈകളാണ് ഇവിടെ നട്ടുപിടിപ്പിച്ചിട്ടുള്ളത്. കൂടാതെ അരളി, തുളസിച്ചെടി, തെറ്റി, ജമന്തി, പിച്ചി തുടങ്ങിയ പൂച്ചെടികളും. ആരാധനയുടെ ഭാഗമായി ഓരോ നക്ഷത്രക്കാർക്കും അവരുടെ പേരിലുള്ള വൃക്ഷത്തെ വലം വയ്‌ക്കാനും ആരാധന നടത്താനും വേണ്ടിയാണിത്. അങ്ങാടിക്കൽ ആയുർവ്വേദാശുപത്രിയോടനുബന്ധിച്ച് ഔഷധച്ചെടികളുടെ തോട്ടവും നിർമിച്ചിട്ടുണ്ട്.     Read on deshabhimani.com

Related News