തീരത്തുയരും ഉല്ലാസം



പത്തനംതിട്ട ജില്ലയുടെ ടൂറിസം മേഖലയ്‌ക്ക്‌ വൻ കുതിപ്പേകാനൊരുങ്ങി വലഞ്ചുഴി ടൂറിസം പദ്ധതി. ജില്ലാ ആസ്ഥാനത്തുനിന്ന്‌ ഏതാനും കിലോമീറ്ററുകൾ മാത്രം അകലെള്ള വലഞ്ചുഴിയിൽ പദ്ധതി യാഥാർഥ്യമാകുന്നതോടെ ജില്ലയുടെയാകെ മുഖച്ഛായ മാറും. വലഞ്ചുഴിയിൽ അച്ചൻകോവിലാറിന്റെ തീരത്ത്‌ സമഗ്ര ടൂറിസം പദ്ധതിയ്‌ക്കാണ്‌ തുടക്കമിടുന്നത്‌. പദ്ധതി ആദ്യഘട്ടത്തിന്‌ 6.98 കോടിയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. ഇതിനായുള്ള വിശദ പദ്ധതിരേഖ തയാറാക്കി.  പദ്ധതിയ്‌ക്ക്‌ വർക്കിങ് ഗ്രൂപ്പ്‌ അംഗീകാരം നൽകി ഭരണാനുമതിയ്‌ക്കായി സമർപ്പിച്ചു. ഡിസംബറിൽ തന്നെ നിർമാണമാരംഭിക്കുന്ന തരത്തിലാണ്‌ പ്രവർത്തനങ്ങൾ. സ്ഥലം എംഎൽഎയും ആരോഗ്യമന്ത്രിയുമായ വീണാ ജോർജ്‌ ഇതുസംബന്ധിച്ച കാര്യങ്ങൾ കഴിഞ്ഞ ജില്ലാ വികസനസമിതി യോഗത്തിൽ വിശദമാക്കിയിരുന്നു. വലഞ്ചുഴിയിൽ പത്തനംതിട്ട നഗരസഭയുടെ അധീനതയിൽ വരുന്ന സ്ഥലത്താണ്‌ പദ്ധതി നടപ്പാക്കുന്നത്‌. 20, 22, 24 വാർഡുകളിൽ ഉൾപ്പെട്ട 2.18 ഹെക്‌ടർ ആറ്റ്‌ പുറമ്പോക്കിൽനിന്ന്‌ ആവശ്യമായ സ്ഥലം പദ്ധതിക്ക്‌ വിനിയോഗിക്കും. ടൂറിസം വകുപ്പിന്‌ പദ്ധതി പ്രദേശത്ത്‌  ഭൂവിനിയോഗ സർട്ടിഫിക്കറ്റ്‌ നഗരസഭ നൽകും. നഗരസഭാ കൗൺസിൽ ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തിട്ടുണ്ട്‌. നദീതീരം സുന്ദരമാക്കി സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലാണ്‌ രൂപകൽപ്പന. ബോട്ടിങ്ങും വിശാലമായ നടപ്പാതയും ഇരിപ്പിടങ്ങളും കച്ചവട സ്ഥാപനങ്ങൾക്കുള്ള സൗകര്യവും ഭക്ഷണ ശാലകളും പാർക്കിങ്ങും ഇവിടെ ഒരുക്കും. വിശാലമായ നദീതീരത്ത്‌ ഒരുക്കിയിരിക്കുന്ന കേന്ദ്രത്തിലേയ്‌ക്ക്‌ കടക്കാൻ മൂന്ന്‌ പ്രവേശന സ്ഥലങ്ങളാണ്‌ ഒരുക്കുക. പ്രധാന പ്രവേശന കവാടത്തോട്‌ ചേർന്ന്‌ ഇൻഫർമേഷൻ സെന്ററും സജ്ജമാക്കും. ആറിന്റെ സൗന്ദര്യമാസ്വദിച്ച്‌ പുറത്ത്‌ ഭക്ഷണം കഴിക്കാനുള്ള സൗകര്യം പദ്ധതിയിൽ പ്രധാനപ്പെട്ടതാണ്‌. കൂടാതെ വിവിധ കലാ, സാംസ്‌കാരിക, സാമൂഹ്യ ഒത്തുചേരലുകൾക്കുള്ള സ്ഥലം, സ്റ്റേജ്‌, ഓപ്പൺ ജിം എന്നിവയെല്ലാം ചേരുന്നതാണ്‌ വലഞ്ചുഴി ടൂറിസം പദ്ധതി. ശുചിമുറികൾ, ബോട്ട്‌ ജെട്ടി, ക്യാമ്പിങ് സൗകര്യം, ഫുഡ്‌ കിയോസ്‌ക്‌, സ്റ്റേജ്‌, മാലിന്യസംസ്‌കരണ സംവിധാനം, കുട്ടികളുടെ പാർക്ക്‌ എന്നിവയും ഇവിടെയുണ്ടാകും. മെട്രോ നഗരങ്ങളിലെ ടൂറിസം കേന്ദ്രങ്ങളോട്‌ കിടപിടിക്കുന്ന സംവിധാനമാണ്‌ വലഞ്ചുഴിയിലുണ്ടാവുക. Read on deshabhimani.com

Related News