ആരുമില്ലാതാവില്ല, ആരെങ്കിലുമുണ്ട്‌

നായ്‌ക്കുട്ടികളെ പരിചരിക്കുന്ന ആകാശ്


അടൂർ എങ്ങോ നിന്നെത്തിയ തെരുവുനായ വിറകുപുരയിൽ പ്രസവിച്ചു. 11 കുഞ്ഞുങ്ങൾ. അവരുടെ കണ്ണു വിരിയുംമുമ്പേ രണ്ടാം ദിവസം തള്ളനായ വാഹനമിടിച്ചു ചത്തു. അമ്മയില്ലാതെ നാവോവേണ്ടിയിരുന്ന കുഞ്ഞുങ്ങളിപ്പോൾ 11 വീടുകളിൽ സനാഥരായിക്കഴിഞ്ഞു.  ആനന്ദപ്പള്ളി പോത്രാട് പുത്തൻകണ്ടത്തിൽ റെനിയുടെ വീടിനോട് ചേർന്ന വിറകുപുരയിലാണ് എങ്ങോ നിന്നെത്തിയ തെരുവുനായ 11 കുട്ടികളെ പ്രസവിച്ചത്. പിറ്റേന്ന്‌ തെരുവ് നായ വീടിനുമുന്നിൽ അടൂർ–--തട്ട റോഡിൽ വാഹനമിടിച്ച് ചത്തു.  റെനിയുടെ ഭാര്യ ലീന കണ്ണ് വിരിയാത്ത 11 കുഞ്ഞുങ്ങളെയും കാർഡ്‌ബോർഡിനുള്ളിലാക്കി പരിചരിച്ചു. പാലും വെളളവും നൽകുന്ന ചുമതലയും പരിചരണവും മകൻ പന്തളം എൻഎസ്എസ് കോളേജിലെ ബിഎ വിദ്യാർഥിയായ ആകാശ് ഏറ്റെടുത്തു. 11 നായ്കുട്ടികളിൽ  ഓരോന്നിനെയും ആകാശ് മടിയിൽവച്ച് പാലും വെള്ളവും നൽകി. കണ്ണ് വിരിഞ്ഞശേഷം പട്ടിക്കുട്ടികളെ വേണ്ടവർ ബന്ധപ്പെടണമെന്ന് ഫെയ്‌സ്‌ബുക്കിൽ പോസ്റ്റിട്ടു. മണിക്കൂറുകൾക്കകം കുഞ്ഞുങ്ങളെ തേടി ആളുകളെത്തി. പതിനൊന്ന് പേർക്കായി 11 കുട്ടികളെയും നൽകി. മനുഷ്യനെ പോലെ അവർക്കും ആരെങ്കിലും വേണ്ടേയെന്ന തോന്നലാണ്‌ നായ്‌ക്കുട്ടികളെ സംരക്ഷിക്കാൻ കാരണമെന്ന്‌ ലീന പറയുന്നു.  Read on deshabhimani.com

Related News