അധിക നിരക്കിന് മന്ത്രിസഭയുടെ പ്രത്യേക അനുമതി



മല്ലപ്പള്ളി വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ കോമളം പാലത്തിന്റെ സ്ഥാനത്ത്‌ സാങ്കേതിക മികവുള്ള പുതിയ പാലം നിർമ്മിക്കാൻ സർക്കാർ തലത്തിലുള്ള എല്ലാ നടപടികളും പൂർത്തിയി. ടെൻഡറിൽ പങ്കെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ്  സൊസൈറ്റിക്ക് അവർ ആവശ്യപ്പെട്ട കൂടുതൽ നിരക്കിൽ പാലം നിർമാണം ഏൽപ്പിക്കാൻ മന്ത്രിസഭയുടെ പ്രത്യേക അനുമതി ലഭ്യമായെന്ന്‌ മാത്യു ടി തോമസ് എംഎൽഎ പറഞ്ഞു. നിർമാണം ഉടൻ ആരംഭിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.  ഒഴുകിപ്പോയ സമീപപാത പുനർ നിർമ്മിച്ച്  പഴയ പാലം ഉപയോഗപ്രദമാക്കി നൽകണമെന്ന് എംഎൽഎയുടെ നിയമസഭയിലെ ആവശ്യത്തോട് പ്രതികരിച്ച് ചീഫ് എൻജിനീയർമാരുടെ ഒരു സംഘത്തെ പൊതുമരാമത്ത് മന്ത്രി കോമളത്തേക്ക് അയച്ചിരുന്നു. സമീപപാത പുനർനിർമിച്ചാലും വീണ്ടും ഒഴുകിപ്പോകാൻ എല്ലാ സാധ്യതയും ഉണ്ടെന്നും തടികളും മറ്റും വന്നടിയുന്ന സാഹചര്യം ഒഴിവാക്കി വെൻഡ് വേ വലുതാക്കി സബ്മേഴ്സിബിൾ  പാലത്തിന് പകരം  പുതിയപാലം നിർമ്മിക്കുക മാത്രമാണ്  പോംവഴിയെന്നും വിദഗ്‌ധസംഘം വിലയിരുത്തി. പുതിയ പാലം നിർമാണത്തിന് 2022ലെ ബജറ്റിൽ മതിയായ തുക വിലയിരുത്തി ടെൻഡർ വിളിച്ചെങ്കിലും രണ്ടുതവണ ആരും പങ്കെടുത്തില്ല തുടർന്ന് മൂന്നാമത്തെ ടെൻഡറിൽ ഊരാളുങ്കൽ  ലേബർ സൊസൈറ്റി 23 ശതമാനം അധികരിച്ച നിരക്കിൽ ടെൻഡർ സമർപ്പിക്കുകയായിരുന്നു. 10 ശതമാനത്തിൽ  കൂടുതൽ അധികരിച്ച നിരക്ക് ചീഫ് എൻജിനീയർമാരുടെ സമിതിക്ക് അംഗീകരിക്കാനാവാത്തതിനാൽ സർക്കാരിന്റെ അനുമതിക്ക് അയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കൂടിയ മന്ത്രിസഭായോഗം ഇതിന് അനുമതി നൽകി. ഇതിന് മുൻകൈയെടുത്ത മുഖ്യമന്ത്രി പിണറായി വിജയനോടും വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനോടും ഇടപെടലുകൾ നടത്തിയ എൽഡിഎഫ് ജില്ലാ നേതൃത്വത്തോടും എംഎൽഎ നന്ദി അറിയിച്ചു. Read on deshabhimani.com

Related News