വിമാനത്തിൽ 
കേറാനൊരു മോഹം



ഇരവിപേരൂർ  ആകാശത്തുകൂടി പറക്കുന്ന വിമാനം താഴെ നിന്ന് കണ്ടവരാണ് പഞ്ചായത്തിലെ സായംപ്രഭയിലെ അംഗങ്ങൾ. അങ്ങനെയിരിക്കെയാണ്‌ നമുക്കൊരു വിമാനയാത്ര പോയാലോ എന്ന പഞ്ചായത്തിന്റെ ചോദ്യംവന്നത്. അവർ കാര്യം തുറന്നു പറഞ്ഞു. "ഞങ്ങൾക്ക്‌ വിമാനത്തിൽ കയറണം'. പഞ്ചായത്തധികൃതർ ആദ്യമൊന്നു പകച്ചെങ്കിലും പറഞ്ഞ ആഗ്രഹം നടത്തിക്കൊടുക്കാൻ തീരുമാനിച്ചു. ചില പ്രമുഖരുമായി ചെലവിനെപ്പറ്റി സംസാരിച്ചു, അങ്ങനെയൊരു വ്യക്തി അത് ഏറ്റെടുക്കുകയും ചെയ്തു. തിരുവനന്തപുരത്തു നിന്നും കൊച്ചി വരെ ഫ്ലൈറ്റ് യാത്ര.  കൊച്ചിയിൽ എത്തുന്ന ദിവസം അവിടെ താമസിച്ച ശേഷം പിറ്റേന്ന് ബസിലാണ് മടക്കം. ഈ മാസം 31നകം യാത്ര തീരുമാനിക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരൻ പിള്ള പറഞ്ഞു. ഇരവിപേരൂരിൽ 27 അങ്കണവാടികൾ കേന്ദ്രീകരിച്ച് സായംപ്രഭ ക്ലബ്ബുകൾ നിലവിലുണ്ട്.  ഇതുവരെ വിമാനത്തിൽ കയറി യാത്ര ചെയ്യാത്തവരും ആരോഗ്യസ്ഥിതി അനുവദിക്കുന്നവരുമായ 20 പേർക്കാകും അവസരം.  ഇവയിലെ അംഗങ്ങളിൽ നിന്ന് ഒരു സ്ത്രീയെയും ഒരു പുരുഷനെയും നറുക്കിട്ടാകും തെരഞ്ഞെടുക്കുക. പ്രായം ചെല്ലുമ്പോൾ ചില ആഗ്രഹങ്ങൾ പൊട്ടിമുളയ്ക്കും. ഇതൊരു ആഗ്രഹവുമായികണ്ടു ഞങ്ങളെ ചേർത്തുനിർത്തുന്ന പഞ്ചായത്ത് ഭരണസമിതി അഭിമാനമാണെന്നും  സായംപ്രഭയിലെ അംഗങ്ങൾ പറയുന്നു. Read on deshabhimani.com

Related News