നവീകരിച്ച കോഴഞ്ചേരി–- മണ്ണാരക്കുളഞ്ഞി റോഡ് ഉദ്ഘാടനം നാളെ



പത്തനംതിട്ട കിഫ്ബി പദ്ധതിയിൽപ്പെടുത്തി അത്യാധുനിക രീതിയിൽ നിർമിച്ച കോഴഞ്ചേരി–-- മണ്ണാറക്കുളഞ്ഞി റോഡ് വ്യാഴാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കുമെന്ന് വീണാ ജോർജ് എംഎൽഎ അറിയിച്ചു. പൊതുമരാമത്തു  മന്ത്രി ജി സുധാകരൻ  അധ്യക്ഷനാകും.    കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഉദ്ഘാടനം.  ആറന്മുള മണ്ഡലത്തിലെ കിഫ്ബി പദ്ധതി പ്രകാരം പൂർത്തീകരിക്കുന്ന ആദ്യത്തെ റോഡാണിത്. റോഡിന്റെ പൂർത്തീകരണത്തിലൂടെ മണ്ഡലകാലത്തു ശബരിമല തീർഥാടകർക്കും വാണിജ്യ ആവശ്യങ്ങൾക്കുമായി മറ്റു ജില്ലകളെ ആശ്രയിക്കുന്ന യാത്രക്കാർക്കും ഗതാഗത തടസ്സം ഉണ്ടാകാതെ സുഗമമായി യാത്ര ചെയ്യാൻ കഴിയും. ചെങ്ങന്നൂർ, തിരുവല്ല ഭാഗത്ത്നിന്ന്‌ വരുന്ന തീർഥാടകർക്ക് പത്തനംതിട്ട ടൗണിൽ എത്താതെ തന്നെ മണ്ണാറക്കുളഞ്ഞിയിൽ എത്താൻ കഴിയും.  കോഴഞ്ചേരി, നാരങ്ങാനം, കടമ്മനിട്ട വഴി മണ്ണാറക്കുളഞ്ഞി വരെയുള്ള  റോഡ്  ആറന്മുള, കോന്നി നിയോജകമണ്ഡലങ്ങളിൽ കൂടിയാണ് കടന്നു പോകുന്നത്.  15 വർഷങ്ങൾക്കു ശേഷം ഉണ്ടാകുന്ന വാഹനപ്പെരുപ്പം  കണക്കിലെടുത്തും മറ്റു നിർമാണ പ്രവർത്തനങ്ങൾക്ക്‌ റോഡ് വെട്ടി പൊളിക്കാതെ ചെയ്യുന്നതിന്‌  ക്രോസ്സ് ഡക്ടുകൾ സ്ഥാപിച്ചും ശാസ്ത്രീയമായ രീതിയിലാണ്  നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. റോഡിൽ വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാൻ ഐറിഷ് ഡ്രെയ്നേജ് സംവിധാനവും സംരക്ഷണ ഭിത്തിയും യാത്രക്കാരുടെ സൗകര്യാർഥം ഇന്റർലോക്ക് ടൈലുകളും സ്ഥാപിച്ചിട്ടുണ്ട്. 23.5 കോടി രൂപ ഭരണാനുമതി ലഭിച്ച പദ്ധതി 20.80 കോടി രൂപയ്ക്കാണ്  ടെൻഡർ എടുത്ത പാലത്ര കൺസ്ട്രക്ഷൻസ് നിർമാണം പൂർത്തീകരിച്ചത്. Read on deshabhimani.com

Related News