അതിദാരിദ്ര്യം ഇല്ലാതാക്കൽ പ്രവർത്തനങ്ങൾക്ക് തുടക്കം



പത്തനംതിട്ട അഞ്ചു വർഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പ്രത്യേക പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. വിവിധ കാരണങ്ങളാൽ സർക്കാർ ക്ഷേമപദ്ധതികളിൽ ഉൾപ്പെടാതെ പോയവരെ കണ്ടെത്തി അതിദാരിദ്ര്യം അനുഭവിക്കുന്നവർക്ക് ഉപജീവനത്തിന് വഴിയൊരുക്കുന്ന പദ്ധതികൾ ആവിഷ്കരിക്കും.  ജില്ലാതല നിർവഹണ 
സമിതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും കലക്ടറുടെയും നേതൃത്വത്തിലുള്ള സമിതിയാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറാണ് ജില്ലാ നോഡൽ ഓഫീസർ. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, നഗരകാര്യ വകുപ്പ് റീജണൽ ജോയിന്റ് ഡയറക്ടർ, ജില്ലാ പ്ലാനിങ്‌ ഓഫീസർ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ, കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റർ, ഇൻഫർമേഷൻ കേരള മിഷൻ ജില്ലാ ടെക്നിക്കൽ ഓഫീസർ എന്നിവരാണ് ജില്ലാതല നിർവഹണ സമിതി അംഗങ്ങൾ.  വിവരശേഖരണം 
മൊബൈൽ ആപ്‌ വഴി  പരിശീലനം പൂർത്തിയാകുന്നതോടെ വാർഡ്തല ജനകീയസമിതി ചർച്ചകൾക്കും ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾക്കും ശേഷം പങ്കാളിത്ത ചർച്ചയിലൂടെ അന്തിമ പട്ടികയ്ക്ക് രൂപംനൽകി തദ്ദേശ സമിതികൾക്ക്‌ കൈമാറും. പട്ടികയിലുള്ളവരെ നേരിൽകണ്ട് മൈാബൈൽ ആപ്ലിക്കേഷൻ വഴി വിവരം ശേഖരിക്കും.  ഈ വിവരങ്ങളനുസരിച്ച് തയ്യാറാക്കുന്ന ലിസ്റ്റ് തദ്ദേശ സ്ഥാപനങ്ങൾ പരിശോധിച്ച് അംഗീകാരം നൽകും. ഇങ്ങനെ കണ്ടെത്തുന്ന അതിദരിദ്രരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‌ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മൈക്രോ പദ്ധതികൾ ആവിഷ്‌കരിച്ച്‌ നടപ്പാക്കും.  പരിശീലനം നവംബർ 10ന്‌ പൂർത്തിയാകും പദ്ധതിയുടെ ഭാഗമായി തദ്ദേശസ്ഥാപന തല ജനകീയ സമിതികൾ, വാർഡുതല സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ജനകീയാസൂത്രണം റിസോഴ്സ് പേഴ്സൺമാർ, കുടുംബശ്രീ പ്രവർത്തകർ, ഇൻഫർമേഷൻ കേരള മിഷൻ ടെക്‌നിക്കൽ അസിസ്റ്റന്റുമാർ എന്നിവർക്കുള്ള പരിശീലനമാണ്‌ ആദ്യഘട്ടമായി നടന്നത്‌.  21ന്‌ ജില്ലാതല ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പറക്കോട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിലും വിഇഒമാരുടെ പരിശീലനം കോയിപ്രം പഞ്ചായത്ത്‌ ഹാളിലും നടക്കും. ബ്ലോക്ക്‌തല പരിശീലനങ്ങൾ നവംബർ പത്തിനകം പൂർത്തിയാക്കുമെന്ന്‌ പ്രോജക്ട്‌ ഡയറക്ടർ എൻ ഹരിയും ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റർ എ ആർ അജീഷ്‌കുമാറും അറിയിച്ചു.  Read on deshabhimani.com

Related News