ലോക മാതൃക സൃഷ്ടിച്ച്‌ കേരളം മുന്നോട്ട്‌: മന്ത്രി കടകംപള്ളി



 പത്തനംതിട്ട എല്ലാ പ്രതിസന്ധിയെയും അതിജീവിച്ച്‌ ലോക മാതൃക സൃഷ്ടിക്കുകയാണ്‌ കേരളമെന്ന്‌ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ചെന്നീർക്കര സർവീസ്‌ സഹകരണ ബാങ്കിന്റെ ശതാബ്‌ദി ആഘോഷ സമാപനവും നവീകരിച്ച മന്ദിരങ്ങളുടെ ഉദ്‌ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.   ഏത്‌ ചുറ്റുപാടിലും അതിനൊത്ത്‌ ജീവിക്കാനുള്ള കരുതലോടെയാണ്‌ സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്‌. ജനജീവിതത്തിന്റെ ഓരോ കാര്യങ്ങളിലും ശ്രദ്ധയോടെ ഇടപെടുന്നു. ഓണ സമ്മാനമായി 100 രൂപകൂടി പെൻഷൻ വർധിപ്പിച്ചത്‌. ഇതോടെ 800 രൂപയാണ്‌ ഈ സർക്കാർ വർധിപ്പിച്ചത്‌. ഒരാൾക്കും പട്ടിണിയില്ലെന്ന്‌ ഉറപ്പു വരുത്തിയാണ്‌ സർക്കാർ മുന്നോട്ട്‌ പോകുന്നത്‌. കോവിഡിനെ പ്രതിരോധിക്കുന്നതിൽ ലോകശ്രദ്ധ ആകർഷിക്കുന്ന തരത്തിലാണ്‌ പ്രവർത്തനം നടത്തിയത്‌. എന്നാൽ, ചിലർ അനാവശ്യ വിവാദമുയർത്തി ഇതിനെ തകർക്കാൻ ശ്രമിക്കുകയാണ്‌.  ഏത്‌ പ്രതിസന്ധി ഘ‌ട്ടത്തിലും ജനത്തിന്‌ താങ്ങും തണലുമായി സഹകരണ പ്രസ്ഥാനവും ഒപ്പമുണ്ട്‌. ദുരിതാശ്വാസ നിധിയിലേക്ക്‌ എത്തിയ തുകയിൽ ‌അമ്പത്‌ ശതമാനവും സഹകരണ മേഖലയുടേതാണ്‌. സഹകരണ ജീവനക്കാർ അകമഴിഞ്ഞാണ്‌ സഹായിച്ചത്‌. 2018ലെയും 2019ലും ദുരിത സമയത്തും സഹകരണ മേഖല സഹായവുമായി ഉണ്ടായിരുന്നു. 2100 വീടുകളാണ്‌ വച്ച്‌ നൽകിയത്‌. നാടിന്റെയാകെ മാറ്റം കുറിച്ച്‌ ഇപ്പോൾ കേരള ബാങ്കും തുടക്കമിട്ടു. ഇതിനെയും   തകർക്കാൻ ചിലർ വിവിധ പദ്ധതികൾ പരീക്ഷിച്ചു നോക്കുകയാണ്‌–- മന്ത്രി പറഞ്ഞു. നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ചെന്നീർക്കര ബാങ്കിന്റെ സാരഥികളെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. വീണാ ജോർജ്‌ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ബാങ്ക്‌ പ്രസിഡന്റ്‌ കെ കെ കമലാസനൻ അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ എൻ സജികുമാർ സ്വാഗതം പറഞ്ഞു. ബാങ്ക്‌ സെക്രട്ടറി ജി ബിജു റിപ്പോർട്ട്‌ അവതരിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കലാ അജിത്ത്, ഓമല്ലൂർ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ അഡ്വ. ഓമല്ലൂർ ശങ്കരൻ, ലൈബ്രറി കൗൺസിൽ സംസ്ഥാന എക്‌സിക്യുട്ടീവംഗം പ്രൊഫ. ടി കെ ജി നായർ, ആലീസ് രവി, ജസി ബേബി, ടിറ്റി ജോൺസ്, എം കെ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. ബാങ്ക്‌ വൈസ്‌ പ്രസിഡന്റ്‌ ഷേർളി തോമസ് നന്ദി പറഞ്ഞു. Read on deshabhimani.com

Related News