മഴവിൽ അഴകിൽ കാൽപന്തിന്റെ കൃത്യത



 മല്ലപ്പള്ളി  രണ്ടു ചുവടു താളത്തിലെത്തി വലംകാൽ കൊണ്ട് തൊടുക്കുന്ന പന്ത് മഴവില്ലാകൃതിയിൽ പറന്നെത്തി ഇരുപത്തിയഞ്ചു വാരയകലെ ഉയരത്തിൽ  ഉറപ്പിച്ചുവെച്ച മെഴുതിരിയുടെ ദീപനാളം അണച്ചു കടന്നു പോകും. അപ്പോഴൂം ഇളകാതെ മെഴുതിരി അവിടെ തന്നെയുണ്ടാകും. കാൽപന്തുകളിയിലെ ഈ കൃത്യത ഇങ്ങ് കോട്ടാങ്ങൽ പഞ്ചായത്തിലെ ചുങ്കപ്പാറയിൽ നിന്നാണ്.  തൊടുകയിൽ വീട്ടിൽ ആൽബിൻ ജേക്കബെന്ന 23 കാരൻ തൊടുക്കുന്ന പന്ത് കയറിൽ കെട്ടി ആടുന്ന ടയറിനുള്ളിലൂടെ അപ്പുറമെത്തും, സുഹൃത്തിന്റെ തലയിൽ വച്ച കുപ്പി തെറിപ്പിക്കും, ഇനി ആശാന്റെ തൊപ്പിക്ക് മുകളിൽ സ്ഥാപിച്ച മധുര നാരങ്ങയായാലും കൃത്യതയിൽ മാറ്റമില്ല.അഞ്ചാം വയസു മുതൽ കാൽപന്ത്‌ തട്ടുന്ന ആൽബിൻ അഞ്ച് വർഷം മുമ്പാണ് വ്യത്യസ്തത പരീക്ഷിച്ചു തുടങ്ങിയത്‌.  കൃത്യതയാർന്ന ഷോട്ടുകൾ നവമാധ്യമങ്ങളിൽ ലക്ഷങ്ങൾ ഏറ്റെടുത്തതോടെ ജർമൻ ക്ലബായ ബുണ്ടൻസ് ലീഗിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലും ചെക്കൻ താരമായി. സിനിമാ താരം സണ്ണി വെയ്ൻ നേരിട്ടു വിളിച്ച് അനുമോദിക്കുകയും ചെയ്തു.  കളിക്കളത്തിൽ ലെഫ്റ്റ് വിങ്‌ ഫോർവേർഡും അറ്റാക്കിങ്‌ മിഡ്ഫീൽഡറുമായി ബൂട്ടണിയുന്ന യുവതാരം ഷോട്ടുകളിലെ കൃത്യത നേടിയെടുത്തത് സ്വപ്രയത്നം കൊണ്ടാണ്. കായിക ജീവിതത്തിൽ ആർമി ഓഫ് ബ്ലാസ്‌റ്റേഴ്സിന്റെ ഭാഗമായപ്പോൾ വനിതാ ഫുട്ബോൾ താരം എയ്ഞ്ചല ഡോൾഫിന്റെ പരിശീലനം ലഭിച്ചതും എഫ്സി കേരള ക്യാമ്പിലെത്തിയതുമാണ് മറക്കാനാവാത്ത നേട്ടങ്ങളെന്ന് ഈ യുവപ്രതിഭ പറയുന്നു.  ഇൻഡ്യൻ ടീമിനു വേണ്ടി കൃത്യതയാർന്ന ഷോട്ടുകൾ തൊടുക്കണമെന്നാണ് ഈ മെസി ആരാധകന്റെ സ്വപ്നം. പിതാവ് ജേക്കബും അമ്മ റോസമ്മയും  സഹോദരി ആൽബിയയും സ്വപ്നമുന്നേറ്റത്തിന് കരുത്ത് പകരുന്നു. Read on deshabhimani.com

Related News