ബിജെപി ഭരണത്തിന്റെ വേലിയിറക്കം 
തുടങ്ങി: നീലലോഹിതദാസൻ നാടാർ



കോഴഞ്ചേരി  ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ബിജെപിയുടെ വേലിയിറക്കം ആരംഭിച്ചെന്ന് ഡോ. നീലലോഹിതദാസൻ നാടാർ പറഞ്ഞു. ബുദ്ധന് ജ്ഞാനോദയം നൽകുകയും സ്വാതന്ത്ര്യസമര ചരിത്രത്തിൽ മഹാത്മജിയുടെ ചമ്പാരൻ സമരത്തിന് വേദിയുമായ ബീഹാറിൽനിന്ന് തന്നെയാണ് മോദി ഭരണത്തിന്റെയും ബിജെപിയുടേയും അടിത്തറയിളക്കത്തിന് തുടക്കമായതെന്നും ജനതാദൾ എസ് ദേശീയ സെക്രട്ടറി നീലലോഹിതദാസൻ നാടാർ പറഞ്ഞു.  എൽഡിഎഫിന്റെ  നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ  എഴുപത്തിയഞ്ചാം വാർഷിക ആഘോഷത്തിന്റെ  ഭാഗമായ സമ്മേളനം കോഴഞ്ചേരിയില്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം. യോഗത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റിയം​ഗം കെ സി രാജഗോപാലൻ അധ്യക്ഷനായി. ഉജ്വലമായ പ്രക്ഷോഭത്തിലൂടെ കോളനി ഭരണവും രാജവാഴ്ചയും, ഫ്യൂഡലിസവും അവസാനിപ്പിച്ചാണ്  നമ്മൾ സ്വാതന്ത്ര്യം നേടിയത്. ഈ സ്വാതന്ത്ര്യമാണ് കോർപ്പറേറ്റ്  മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും മുന്നില്‍ ബിജെപി അടിയറ വയ്ക്കുന്നത്. ഇവിടെയാണ് ക്രിസ്ത്യൻ, ഹിന്ദു, മുസ്ലീം ജനതയെ കോർത്തിണക്കി സി കേശവൻ നടത്തിയ പ്രക്ഷോഭവും കോഴഞ്ചേരി പ്രസംഗവും പ്രസക്തമാകുന്നത്. സർ സിപിക്കെതിരെ സിംഹഗർജനം നടത്തിയ പ്രസംഗത്തിൽ സോവിയറ്റ് വിപ്ലവവും അയർലൻഡിലെ പ്രക്ഷോഭവും. ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന സമരങ്ങളും വിശദീകരിച്ചിരുന്നു. അതാണ് കോഴഞ്ചേരി പ്രസംഗം സാർവദേശീയ ശ്രദ്ധയാകർഷിച്ചത്. യോഗത്തിൽ സിപിഐ ജില്ലാ എക്സിക്യൂട്ടീവംഗം ജിജി ജോർജ്, ലോക്‌ താന്ത്രിക്‌ ജനതാദൾ ദേശീയ സെക്രട്ടറി ജനറൽ വർഗീസ്‌ ജോർജ്‌,  ഡോ. വർഗീസ് ജോർജ്, കേരള കോൺഗ്രസ് എം നേതാവ് കുര്യൻ മടയ്ക്കൽ, ഷാഹുൽ ഹമീദ്, പ്രൊഫ. ഷാജി കാടമല, മനോജ് മാധവശ്ശേരിൽ എന്നിവർ സംസാരിച്ചു. എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ് സ്വാഗതവും എൽഡിഎഫ് ആറന്മുള മണ്ഡലം കൺവീനർ എം വി സഞ്ജു നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News