കൃഷിയിലൂടെ അതിജീവനം



കോഴഞ്ചേരി ഇച്ഛാശക്‌തിയുണ്ടോ എതു പ്രതിസന്ധിയും നിസ്സാരം. ഈ വാക്കുകൾ അടിവരയിട്ട്‌ ഉറപ്പിക്കുകയാണ്‌ കോഴഞ്ചേരി ബിആർസിയുടെ കീഴിൽ കൃഷി ചെയ്‌ത മികച്ച വിളവ്‌ നേടിയ ഭിന്നശേഷി കുട്ടികൾ. കോഴഞ്ചേരി ബിആർസി ഒരുക്കിയ കാർഷിക പദ്ധതിയിൽ വിജയം കൊയ്തത് 8 ഭിന്നശേഷി വിദ്യാർഥികളാണ്‌. അവാർഡ്‌ ജേതാക്കളെ അനുമോദിക്കാൻ കൃഷി മന്ത്രി പി പ്രസാദ് നേരിട്ടെത്തി. കോവിഡും മറ്റു പ്രതിസന്ധികളും അതിജീവിക്കാൻ കോഴഞ്ചേരി ബിആർസിതനതായി ആവിഷ്ക്കരിച്ച പദ്ധതിയാണ് "ജൈവകൃഷിയിലൂടെ ജീവനം’ എന്നത്. ബിആർ സ്പെഷ്യൽ എജ്യുക്കേറ്റ്, മട്ടുപ്പാവുകൃഷിയിൽ കൃഷി വകുപ്പിന്റെ സംസ്ഥാന അവാർഡ്‌ ജേതാവായ പ്രിയ പി നായർ എന്ന അധ്യാപികയുടെ നേതൃത്വത്തിലാണ് കോഴഞ്ചേരി ബിആർസി ഇത്തരം ഒരു പദ്ധതിക്ക് രൂപം നൽകിയത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ചായിരുന്നു പരിപാടി. രക്ഷകർത്താക്കളെ കുടി ഉൾപ്പെടുത്തി പാഠം ഒന്ന് പഠിക്കാം കൃഷി എന്ന ഒരു വാട്സ് ആപ്പ് ഗ്രൂപ്പും ആരംഭിച്ചിരുന്നു. ഗ്രോബാഗുകൾ, വിത്തുകൾ, തൈകൾ, ജൈവവളം തുടങ്ങിയവ സൗജന്യമായാണ് നൽകിയത്. കുട്ടികൾ വീട്ടുമുറ്റങ്ങളിലും, ടെറസ്സുകളിലും വിവിധ ഇനം പച്ചക്കറികൾ നട്ടു പരിപാലിച്ചു. കോഴഞ്ചേരി ,നാരങ്ങാനം, ഇലന്തൂർ ,ചെന്നീർക്കര, മല്ലപ്പുഴശ്ശേരി, ചെറുകോൽ പഞ്ചായത്തുകളിൽ നടത്തിയ പരീക്ഷണം വൻ വിജയമായി. കൃഷി ഗൗരവമായി ഏറ്റെടുത്ത് വൻ വിജയമാക്കിയ എട്ടു കുട്ടി കർഷകരെയാണ് മന്ത്രി എത്തി അനുമോദിച്ചത്. ആദിത്യാ ശ്രീകുമാർ ബാബു, ജെസ്വിൻ ചാക്കോ, വൈഷ്ണവി, രജിത രാജേഷ്, സ്റ്റീഫൻ മാത്യു, എസ് അഭിജിത്, എ അർജുൻ എന്നിവരെ പൊന്നാട അണിയിച്ചും സമ്മാനങ്ങൾ നൽകിയും മന്ത്രി അനുമോദിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ.ഓമല്ലൂർ ശങ്കരൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ സാറാ തോമസ്, ആർ അജയകുമാർ, ഡോ. ലൈജു പി തോമസ്, ഇന്ദിരാദേവി, ജിജി വർഗീസ്, പി ഐ അനിൽ ,സുനിതാ ഫിലിപ്പ്, എസ് സുല്ലേ, ഇന്ദു ,അണ്ടി ത, ഷിഹാബുദ്ദീൻ, സുഗന്ധ മണി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News