കക്കിയും പമ്പയും തുറന്നു



 പത്തനംതിട്ട  മലയോരത്തും അണക്കെട്ടുകളുടെ വൃഷ്‌ടി പ്രദേശങ്ങളിലും മഴ തുടരുന്ന സാഹചര്യത്തിൽ കക്കി ആനത്തോട്‌, പമ്പ അണക്കെട്ടുകൾ തുറന്നു. ആനത്തോട് ഡാമിന്റെ നാല്‌ ഷട്ടറുകളിൽ രണ്ടാം നമ്പർ ഷട്ടർ തിങ്കളാഴ്‌ച രാവിലെ 11ന് തുറന്നു. തുടർന്ന് 11.10ന് മൂന്ന്, 12.45ന് നാല്, ഉച്ചയ്ക്ക് ഒന്നിന് ഷട്ടർ ഒന്നും ഘട്ടം ഘട്ടമായി തുറന്നു. 60 സെന്റീമീറ്ററാണ് ഷട്ടറുകൾ ഉയർത്തിയിട്ടുള്ളത്. നിലവിൽ 72 ക്യുമെക്‌സ് ജലം പമ്പാനദിയിലേക്ക് ഒഴുക്കി വിടുന്നുണ്ട്‌. കക്കി ജലസംഭരണിയുടെ പരമാവധി ശേഷി 981.46 മീറ്ററാണ്. ഞായറാഴ്‌ച ജലനിരപ്പ് 975.25 മീറ്ററില്‍ എത്തിയതോടെ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചിരുന്നു. ഷട്ടറുകൾ തുറക്കുന്നത് നിരീക്ഷിക്കാൻ കലക്ടർ ദിവ്യ എസ് അയ്യർ സ്ഥലത്ത് എത്തി.  തിങ്കളാഴ്‌ച വൈകിട്ട്‌ നാലോടെ പമ്പ ഡാമിന്റെ ആറ്‌ ഷട്ടറുകളിൽ രണ്ടെണ്ണം 30 സെന്റീമീറ്റർ വീതം തുറന്ന് 25 ക്യുമെക്‌സ് ജലം പമ്പാനദിയിലേക്ക് ഒഴുക്കി തുടങ്ങി. ആവശ്യമെങ്കിൽ ഇരു ഷട്ടറുകളും 60 സെന്റീമീറ്റർ വരെ ഉയർത്തി 50 ക്യുമെക്‌സ് ജലം പുറത്തേക്ക് ഒഴുക്കും. തിങ്കളാഴ്‌ച രാവിലെയാണ്‌ പമ്പ അണക്കെട്ടിന്‌ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചത്‌. പമ്പ ജലസംഭരണിയുടെ പരമാവധി ശേഷി 986.33 മീറ്ററാണ്. 984.50 മീറ്ററിലാണ്‌ റെഡ്‌ അലർട്ട്‌.  Read on deshabhimani.com

Related News