ഭക്ഷ്യ സുരക്ഷ ഉറപ്പ്‌



പത്തനംതിട്ട ദേശീയ ഭക്ഷ്യസുരക്ഷാ സൂചികയിൽ സംസ്ഥാനം ഒന്നാമതെത്തിയപ്പോൾ ഭക്ഷ്യ സുരക്ഷയിൽ ജില്ലയും മുൻപന്തിയിൽ.  പരിശോധനകൾ, സാമ്പിൾ ശേഖരണം തുടങ്ങിയ സുരക്ഷാ നടപടികളിൽ വിട്ടുവീഴ്‌ചയില്ലാത്ത പ്രവർത്തനങ്ങളാണ്‌ നടക്കുന്നത്‌. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഹൈജീൻ റേറ്റിങ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങളും ജില്ലയിൽ നടക്കുന്നു.    ജില്ലയിൽ 43 ഭക്ഷ്യ സ്ഥാപനങ്ങൾ ഹൈജീൻ റേറ്റിങ് നേടി. 100 സ്ഥാപനങ്ങൾക്ക്‌ കൂടി റേറ്റിങ് നൽകാനുള്ള പ്രവർത്തനങ്ങൾ നടന്ന്‌ വരുന്നു. എഫ്‌എസ്‌എസ്‌എഐ അംഗീകാരമുള്ള ഓഡിറ്റേഴ്‌സാണ്‌ സ്ഥാപനങ്ങൾക്ക്‌ റേറ്റിങ് നൽകുക. റേറ്റിങ്‌ ലഭിക്കുന്ന സ്ഥാപനങ്ങൾക്ക്‌ രണ്ട്‌ മുതൽ അഞ്ച്‌ വരെ സ്റ്റാറും കളർ കോഡും നൽകും. പച്ച, മഞ്ഞ, പിങ്ക്‌ , നീല എന്ന ക്രമത്തിലാണ്‌ കളർകോഡ്‌. ഉയർന്ന റേറ്റിങ് നേടുന്നവയ്‌ക്ക്‌ പച്ചയും ഏറ്റവും താഴെ റേറ്റിങ് നേടുന്നവയ്‌ക്ക്‌ നീലയുമാണ്‌ കളർ കോഡ്‌. ശുചിത്വം മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ്‌ സ്ഥാപനങ്ങൾക്ക്‌ റേറ്റിങ്‌  നൽകുന്നത്‌. വെള്ളം, ഭക്ഷണം എന്നിവയുടെ പരിശോധന, ജീവനക്കാരുടെ മെഡിക്കൽ റിപ്പോർട്ട്‌, ശുചിത്വം തുടങ്ങിയവ അടിസ്ഥാനമാക്കിയാണിത്‌ നിശ്ചയിക്കുക. 20 ജീവനക്കാർ വരെയുള്ള സ്ഥാപനങ്ങളിൽ ഒരാളെങ്കിലും ഫോസ്റ്റാകിന്റെ ഭക്ഷ്യ സുരക്ഷാ സൂപ്പർവൈസർ പരിശീലനം നേടിയിരിക്കണം. കൂടാതെ ഭക്ഷ്യ സുരക്ഷാ ലൈസൻസ്‌, ഭക്ഷ്യ സ്ഥാപനത്തിന്റെ അടിസ്ഥാന സൗകര്യം എന്നിവ കൂടി കണക്കിലെടുത്താണ്‌ ഹൈജീൻ റേറ്റിങ് നൽകുന്നത്‌. ഇത്തരത്തിൽ മാനദണ്ഡങ്ങൾ പാലിച്ച്‌ പ്രവർത്തിക്കുന്ന 43 സ്ഥാപനങ്ങൾക്കാണ്‌ നിലവിൽ ജില്ലയിൽ റേറ്റിങ് ലഭിച്ചിട്ടുള്ളത്‌. നൂറ്‌ സ്ഥാപനങ്ങളുടെ റേറ്റിങ് പ്രവർത്തനങ്ങൾ നടന്ന്‌ വരുന്നു. Read on deshabhimani.com

Related News