ഡിജിറ്റൽ സർവേ 
12 വില്ലേജിൽ



 പത്തനംതിട്ട ആദ്യഘട്ട ഡിജിറ്റൽ ലാൻഡ്‌ സർവേ ജില്ലയിലെ 12 വില്ലേജുകളിൽ നടക്കും. റാന്നി താലൂക്കിലെ അത്തിക്കയം, ചേത്തയ്‌ക്കൽ, പഴവങ്ങാടി വില്ലേജുകളിലും കോന്നി താലൂക്കിലെ വള്ളിക്കോട്‌, മൈലപ്ര, പ്രമാടം, കോന്നി താഴം, തണ്ണിത്തോട്‌ വില്ലേജുകളിലും കോഴഞ്ചേരി താലൂക്കിലെ ഓമല്ലൂർ, കോഴഞ്ചേരി, ചെന്നീർക്കര, ഇലന്തൂർ വില്ലേജുകളിലുമാണ്‌ സർവേ നടക്കുക.  ഭൂമിയുടെ ഉടമസ്ഥർ എന്റെ ഭൂമി പോർട്ടലിൽ (entebhoomi. kerala.gov.in) ഭൂമിയുടെ വിവരമുണ്ടോ എന്ന്‌ പരിശോധിക്കാൻ റവന്യൂ വകുപ്പ്‌ നിർദേശം നൽകി. വിവരം ഉൾപ്പെട്ടിട്ടില്ലെങ്കിൽ വെബ്‌സൈറ്റിൽ തന്നെ അപേക്ഷ സമർപ്പിക്കണം. വില്ലേജുകളിൽ ഈ മാസം 12നും 30നുമിടയിൽ സർവേ സഭകൾ രൂപീകരിച്ച്‌ ജനങ്ങളെ ബോധവൽക്കരിക്കും. ഗ്രാമസഭ മാതൃകയിലാണ്‌ സഭകൾ പ്രവർത്തിക്കുക.   എൽഎ ഡെപ്യൂട്ടി കലക്ടർ ബി ജ്യോതിയുടെ അധ്യക്ഷതയിൽ കലക്‌ട്രേറ്റിൽ അവലോകന യോഗം ചേർന്ന് പുരോഗതി വിലയിരുത്തി. സർവേ നടപടികളുടെ രണ്ടാംഘട്ടം നവംബറിൽ ആരംഭിക്കും. കോഴഞ്ചേരി, ഇലന്തൂർ, ചെന്നീർക്കര, ഓമല്ലൂർ വില്ലേജുകളിലെ ഡ്രോൺ സർവേ ആദ്യ ഘട്ടം പൂർത്തിയായി.  വള്ളിക്കോട് വില്ലേജിലെ ഡ്രോൺ സർവേ നടക്കുന്നു. ഇത്‌  പൂർത്തിയായ ശേഷം മൈലപ്ര, പ്രമാടം വില്ലേജുകളിലും ആരംഭിക്കും. വനപ്രദേശമായതിനാൽ കോന്നി താഴം, തണ്ണിത്തോട്, റാന്നി താലൂക്കിലെ അത്തിക്കയം, ചേത്തക്കൽ വില്ലേജുകളിൽ ഡ്രോൺ സർവേ സാധ്യമല്ലെന്ന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. എൽആർ ഡെപ്യൂട്ടി കലക്ടർ ടി ജയശ്രീ, സർവേ അസിസ്റ്റന്റ് ഡയറക്ടർ പ്രഭാമണി, ജില്ലാ സർവേ സൂപ്രണ്ട് ടി പി സുദർശനൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.   Read on deshabhimani.com

Related News