അനീഷ് കുമാർ വീട്ടിലെത്തി

ട്രെയിൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട അനീഷ് കുമാറിന് അമ്മ മധുരം നൽകുന്നു


അടൂർ  ട്രെയിൻ ദുരന്തത്തിലെ നടുക്കുന്ന ഓർമകളുമായി അനീഷ് കുമാർ വീട്ടിലെത്തി. ട്രെയിൻ പെട്ടന്ന് ബ്രേക്ക് ചെയ്യുന്നതും തുടർന്ന് കാതടപ്പിക്കുന്ന രീതിയിൽ വലിയ ഒരു ശബ്ദവും  കേട്ടു. പിന്നീട് ബോഗി ഇടത്തോട്ടും വലയത്തോട്ടും ആടിയുലഞ്ഞു . ഇതിനിടയിൽ എമർജൻസി വിന്റോ ഗ്ലാസ് പൊട്ടി പുറത്തേക്ക്. അപകടത്തിന്റെ ഞെട്ടലിൽ നിന്നും ഇനിയും പൂർണമായി മോചിതനായിട്ടില്ല.  ജീവൻ തിരിച്ചു കിട്ടിയത് വലിയ ഭാഗ്യം. ശരിക്കും ഇത്‌ രണ്ടാം ജന്മം തന്നെയാണ്‌. ബാലസോറിൽ ട്രയിൻ ദുരന്തത്തിൽ നിന്നും ചെറിയ പരുക്കുകളോടെ രക്ഷപെട്ട അടൂർ വെള്ളക്കുളങ്ങര കിണറു വിളയിൽ വിജയഭവനിൽ അനീഷ് കുമാറിന്റെ വാക്കുകളാണിത്. അനീഷ് കുമാർ തിങ്കളാഴ്ച രാവിലെ 10.30 ന് വെള്ളക്കുളങ്ങരയിലെ വീട്ടിൽ മടങ്ങിയെത്തിയത്. സതേൺ റെയിൽവേ സോണൽ ബോർഡ് മെമ്പർ രാഹുൽ സുരേഷ്  വീട്ടിൽ എത്തി അനീഷ് കുമാറിനെ ഷാൾ അണിയിക്കുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ആസാം റെജിമെന്റിലെ കൽക്കട്ട ബാരക്ക്പൂറിൽ ജോലി ചെയ്യുന്ന ഈ സൈനീകൻ ഷാലിമാറിൽ നിന്നാണ് കോറമ ണ്ഡൽ എക്സ്പ്രസിൽ കയറിയത്. കുടുംബത്തെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകാനായാണ് നാട്ടിലേക്ക് വന്നത്. വീട്ടുകാർക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെയെന്ന് കരുതി വരുന്ന വിവരം അറിയിക്കാതെ തത്കാൽ എടുത്താണ് ട്രയിനിൽ കയറിയത്. അതിനാൽ അപകടത്തിൽ പെട്ട ട്രയിനിലുണ്ടായിരുന്ന വിവരം അനീഷ് വിളിച്ചു പറയുമ്പോഴാണ് വീട്ടുകാർ അറിയുന്നത്. അനീഷ് കുമാറിന്റെ കൈക്കും കാലിനും ചെറിയ മുറിവുണ്ട്. തികച്ചും ഒറ്റപ്പെട്ട ഒരു പ്രദേശത്താണ് ട്രയിൻ അപകടം നടന്നതെന്ന് അനീഷ് കുമാർ പറഞ്ഞു. കാട് വെട്ടി തെളിച്ച് വഴി ഒരുക്കിയാണ് ആംബുലൻസിന് അപകടം നടന്നിടത്തേക്ക് എത്താനായത്. ഇതിന് ഒരു മണിക്കൂർ സമയം വേണ്ടി വന്നു.  അപകടസമയത്ത് ബോഗി വലിയ രീതിയിൽ ഉലഞ്ഞതോടെ ബർത്തിൽ വച്ച ബാഗുകളും മറ്റ് സാധനങ്ങളും തെറിച്ച് വീണ് എമർജൻസി വിന്റോയുടെ ഗ്ലാസ് തകരുകയും അതുവഴി അനീഷ് കുമാർ പുറത്തേക്ക് തെറിച്ചു വീഴുകയും ആയിരുന്നു. വീണിടത്ത് നിന്നും തിരികെ വന്ന് എമർജൻസി വിന്റൊ വഴി ബോഗിക്കുള്ളിൽ കയറിയപ്പോൾ കണ്ട കാഴ്ച്ച വേദനിപ്പിക്കുന്നതായിരുന്നു. രക്തത്തിൽ കുളിച്ച് കിടക്കുന്ന സഹയാത്രികരെയാണ് കണ്ടത്. ബോഗി കീഴ്മേൽ മറിഞ്ഞാണ് കിടക്കുന്നത്. പിന്നെ ഒട്ടും അമാന്തിച്ചില്ല. ഓരോരുത്തരെയായി പുറത്തെത്തിച്ചു. ഇങ്ങനെ അറുപതോളം പേരെ ബോഗിക്കുള്ളിൽ നിന്ന് എടുത്ത് പുറത്തെത്തിച്ചു. എന്നാൽ യാത്രയ്ക്കിടയിൽ തന്റെ അടുത്ത് ഇരുന്ന് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ കഴുത്തിൽ ഗ്ലാസ് തുളച്ച്കയറിയിരിക്കുന്നത് ഒന്നേ നോക്കിയുള്ളൂ.  അപകടം നടന്നിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും ആ കുഞ്ഞിന്റെ മുഖം മനസ്സിൽ നിന്ന് മായുന്നില്ലെന്നും അത് ഒരു നോവുന്ന ഓർമ്മയാണെന്നും അനീഷ് കുമാർ  പറഞ്ഞു. അപകട സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റർ നടന്ന് ഹൈവേയിലെത്തിയാണ് ഭുവനേശ്വറിലേക്ക് ബസ് കയറിയത്. അവിടെ നിന്ന് സ്പെഷ്യൽ ട്രെയിനിൽ ഞായറാഴ്ച്ച രാവിലെ ചെന്നൈയിൽ എത്തി.  അപകടത്തിൽ പെട്ട ട്രയിനിൽ വന്നവരെ  അവിടത്തെ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്താൻ തമിഴ്നാട് സർക്കാർ എല്ലാ ക്രമീകരണവും ഒരുക്കിയിരുന്നു. തുടർന്ന് എക്സറേയും മറ്റ് വിദഗ്ദ്ധ പരിശോധനകളും കഴിഞ്ഞാണ് കേരളത്തിലേക്ക് തിരിച്ചത്. മലയാളി അസോസിയേഷന്റെ വലിയ സഹായം ഇവിടെ ലഭിച്ചു.      Read on deshabhimani.com

Related News