പത്തനംതിട്ട കോൺഗ്രസിൽ പൊട്ടിത്തെറി



പത്തനംതിട്ട> കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയിൽ അഭിപ്രയായ ഭിന്നത രൂക്ഷം. മൂന്ന്‌ മുൻ ഡിസിസി പ്രസിഡന്റുമാർ യോഗത്തിൽനിന്ന്‌ ഇറങ്ങിപ്പോയി. ശനിയാഴ്‌ച നടന്ന ഡിസിസി പുനസംഘടനാ യോഗത്തിൽ നിന്നാണ്‌ മുൻ ജില്ലാ പ്രസിഡന്റുമാരായ കെ ശിവദാസൻ നായർ, പി മോഹൻരാജ്‌, ബാബു ജോർജ്‌ എന്നിവർ ഇറങ്ങി പോയത്‌. കമ്മിറ്റിയിൽ ഏകാധിപത്യപരമായ നിലപാടെടുക്കുന്നു എന്നാരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്‌.   പി ജെ കുര്യന്റെ ഒത്താശയിൽ നിലവിലെ ഡിസിസി പ്രസിഡന്റ്‌ സതീഷ്‌ കൊച്ചുപറമ്പിലും കൂട്ടരും ഏകപക്ഷീയമായി നിലപാട്‌ കൈക്കൊള്ളുന്നുവെന്നാണ്‌ ആക്ഷേപം. സംഘടനയിൽ നിന്ന്‌ മാറ്റി നിർത്തിയവരെ വീണ്ടും മടക്കി കൊണ്ടുവരണമെന്ന മുൻ പ്രസിഡന്റുമാരുടെ ആവശ്യം പരിഗണിക്കാത്തതാണ്‌ പുതിയ പ്രശനങ്ങൾക്ക്‌ കാരണം. വിവിധ നടപടികളുടെ പേരിൽ മാറ്റി നിർത്തിയവരെ പുനസംഘടനയുടെ ഭാഗമായി വീണ്ടും തിരികെ എത്തിക്കണമെന്നായിരുന്നു മുൻ പ്രസിഡന്റുമാരുടെ ആവശ്യം.   എന്നാൽ വിഷയം ചർച്ച ചെയ്യാൻ പോലും സംസ്ഥാന ജനറൽ സെക്രട്ടറി എം എം നസീർ പങ്കെടുത്ത ജില്ലാ കമ്മിറ്റി തയ്യാറായില്ല. തുടർന്ന്‌ മൂവരും കമ്മിറ്റിയിൽ നിന്ന്‌ ഇറങ്ങിപോവുകയായിരുന്നു. ഇറങ്ങിപോക്കിന്‌ ശേഷവും കമ്മിറ്റി തുടർന്നു. ഇപ്പോഴുള്ള നേതൃത്വം വന്നതിന്‌ ശേഷം നിരവധിയാളുകൾ മാറ്റി നിർത്തപ്പെട്ടിട്ടുണ്ടെന്നും പരാതിയുണ്ട്‌. വിട്ടുപോയവരെ കൂടെ ചേർക്കാൻ നേതൃത്വം തയ്യാറാകുന്നില്ല. മാത്രവുമല്ല ജില്ലയിൽ ബിജെപിയുമായി സന്ധി ചെയ്യുന്ന നിലപാടാണ്‌ ഇപ്പോഴത്തെ നേതൃത്വത്തിനുള്ളത്‌. കവിയൂർ പഞ്ചായത്തിലെ കോൺഗ്രസ്‌–- ബിജെപി അവിശുദ്ധ കൂട്ടുകെട്ട്‌ ഇതിനൊരു ഉദാഹരണം മാത്രമെന്ന്‌ ചില നേതാക്കൾ പറയുന്നു.   അടൂർ കാർഷിക വികസന ബാങ്ക്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ മാറ്റി നിർത്തിയ അഞ്ച്‌ പേർ, മല്ലപ്പള്ളിയിൽ നിന്നുള്ള സജി ചാക്കോ, മാറ്റി നിർത്തിയ മണ്ഡലം പ്രസിഡന്റുമാർ, പ്രാദേശികമായി നടപടി എടുത്തവർ എന്നിവരെ സംഘടനയിലേയ്‌ക്ക്‌ തിരിച്ചെത്തിക്കണമെന്നായിരുന്നു മൂന്ന്‌ മുൻ പ്രസിഡന്റുമാരുടെയും ആവശ്യം. എന്നാൽ ഈ ആവശ്യം പരിഗണിക്കാൻ പോലും പി ജെ കുര്യനോട്‌ അടുപ്പമുള്ള ജില്ലാ പ്രസിഡന്റ്‌ തയാറായില്ല. പുനസംഘടന കഴിഞ്ഞാൽ മാറ്റി നിർത്തിയവർക്ക്‌ സംഘടനയിലേക്ക്‌ മടങ്ങിയെത്താൻ കഴിയില്ല. Read on deshabhimani.com

Related News