പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു



ആറന്മുള  ദേശാഭിമാനി വാർത്തയെ തുടർന്ന്‌ കോളനി നിവാസികളുടെ പരാതി കേൾക്കാൻ പഞ്ചായത്ത്‌ അധികൃതരെത്തി. ആറന്മുള പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കാവരിക്കുന്ന് ലക്ഷംവീട് കോളനി നിവാസികളുടെ കിണറുകളിൽ കക്കൂസ് മാലിന്യം കലരുന്നതുമൂലമുള്ള ദുരിതമാന്‌ ദേശാഭിമാനി കഴിഞ്ഞ ദിവസം  റിപ്പോർട്ട് ചെയ്‌തത്‌. ഇതിനെ തുടർന്ന്‌ പഞ്ചായത്ത് അധികൃതർ ശനിയാഴ്‌ച സ്ഥലം സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി റ്റോജിയുടെ നേതൃത്വത്തിൽ ജലജീവൻ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.  പതിനാല് കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ ഇവർക്ക് ലഭ്യമാകുന്ന കിണർ വെള്ളം കക്കൂസ് മാലിന്യം കലർന്നതാണെന്നത് സത്യമാണെന്നും അതി പരിഹരിക്കാനുള്ള നടപടി ഉടൻ കൈക്കൊള്ളുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്തിലെ മുഴുവൻ പ്രദേശത്തും ശുദ്ധജലം എത്തിക്കാനുള്ള പദ്ധതി ആവിഷ്‌ക്കരിക്കുകയാണ്‌. കാവരിക്കുന്ന് ലക്ഷംവീട് കോളനി നിവാസികൾക്കായി ഉടൻ വാട്ടർ കണക്ഷൻ നൽകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.സ്ഥലവാസികൾക്ക് ശുദ്ധജലം ലഭ്യമാക്കാനുള്ള സൗകര്യമാണ് ചെയ്‌തുതരേണ്ടതെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഒറ്റക്കുഴി കക്കൂസിന് പകരം ഫൈബർ ടാങ്ക് സ്ഥാപിക്കുന്ന പക്ഷം പ്രദേശത്തെ ശൗചാലയങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്താനും കുടിവെള്ളം മലിനപ്പെടാതെ സൂക്ഷിക്കാനും കഴിയും. കൂടാതെ പഞ്ചായത്തിന്റെ  പൊതുകിണർ ഉയരത്തിലായതിനാൽ ഈ കിണറ്റിലെ വെള്ളത്തിൽ മാലിന്യ പ്രശ്നം ഉണ്ടാകാറില്ല. അതിനാൽ ഈ കിണറ്റിലെ വെള്ളം മോട്ടർ സ്ഥാപിച്ച് വീടുകളിൽ എത്തിക്കാൻ വേണ്ട സൗകര്യം ചെയ്തു നൽകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. Read on deshabhimani.com

Related News