ഇങ്ങനായാൽ തുമ്പി എങ്ങനെ തുള്ളും...

ഞങ്ങളെത്തി.... ഓണവെയിലിനൊപ്പം ഓണത്തുമ്പികളും പാറിപ്പറന്നെത്തി. പോയകാലങ്ങളിൽ വീട്ടുമുറ്റങ്ങളിലും നാട്ടുപാതകളിലും സുലഭമായിരുന്നു ഇത്തരം കാഴ്ചകൾ. പത്തനംതിട്ട കല്ലറക്കടവിൽനിന്നുള്ള ദൃശ്യം ഫോട്ടോ: ജയകൃഷ്ണൻ ഓമല്ലൂർ


മല്ലപ്പള്ളി പതിവു തെറ്റിക്കുന്നത് എങ്ങനെ എന്ന് ഓർത്താകാം ഓണത്തുമ്പികൾ ഇങ്ങെത്തി.  എന്തേ തുമ്പി തുള്ളാത്തൂ...എന്ന പഴയ പാട്ടിന് മറുപടി എന്ന പോലെ ഓണത്തുമ്പികളുടെ ചെറുകൂട്ടങ്ങൾ തുള്ളി പറക്കുന്നു. കോവിഡ് കാലത്ത് തുമ്പികൂട്ടങ്ങൾക്കും ധാരാളിത്തമില്ല. അംഗസംഖ്യ പരിമിതപ്പെട്ടിരിക്കുന്നു. കർക്കിടക മാസത്തെ വെയിൽ കണ്ട് ‌മഴമാറി ചിങ്ങമെത്തിയെന്ന് കരുതിയാകാം പാവങ്ങൾ മാനത്തു പറക്കുന്നത്. തുമ്പിപാട്ടും, തുമ്പികളിയും നിറഞ്ഞു നിൽക്കുന്ന ഓണമിന്ന് സ്മരണകളിൽ മാത്രം.  കർഷക മിത്രങ്ങൾ  പണ്ട് കൃഷിയിടിങ്ങളിൽ തുമ്പിക്കിരിക്കാൻ കമ്പുകൾ നാട്ടുമായിരുന്നു.  ഒരു മണിക്കൂറിൽ സ്വന്തം ശരീരഭാരത്തിന്‌ തുല്യമായ കീടങ്ങളെ തുമ്പികൾ ഉള്ളിലാക്കും. ഞൊടിയിടയിൽ 180 ഡിഗ്രി വരെ തിരിയുന്ന തുമ്പികളുടെ  കാഴ്ച അതിതീവ്രമാണ്.  മണിക്കൂറിൽ 54 കിലോമീറ്റർ വരെ വേഗത്തിൽ പറക്കും.  കൊതുക്‌, ഈച്ച, കായീച്ച, കണ്ണീച്ച പോലുള്ള ഇരകളെ റാഞ്ചി പിടിക്കാൻ 25 മില്ലി സെക്കൻഡ്‌ ധാരളമാണ്. വെള്ളത്തിൽ കഴിയുന്ന തുമ്പി നിംഫുകൾ നെല്ലിലെ തണ്ടുതുരപ്പൻ പുഴുവിനെയും, കൂത്താടികളെയുമടക്കം നിരവധി കീടങ്ങളെ കൊന്നൊടുക്കുന്നു. ഇങ്ങനെയാകാം കാർഷിക കേരളത്തിൽ തുമ്പികളും പ്രസക്തരായത്.തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കരുതെന്ന് പഴമക്കാർ പറഞ്ഞത്‌ വെറുതെയല്ല.   ഓണതുമ്പിക്കും ഓണമില്ല  പ്രകൃതിയുടെ അതുല്യ സൃഷ്ടികളായ  തുമ്പികളിൽ കാറ്റിനൊപ്പം പറന്ന് കടൽകടന്നെത്തുന്ന വിദേശികളും തദ്ദേശീയരും ഉണ്ട്. ലോക വ്യാപകമായി തുമ്പികൾക്കും വംശനാശം സംഭവിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് പ്രധാന കാരണം. വെയിലും, ജലാശയ സാന്നിധ്യവും തുമ്പികളുടെ ജീവിതചക്രത്തിൽ അനിവാര്യമാണ് ജലാശയ മലിനീകരണമാണ് ഇവ നേരിടുന്ന പ്രധാന ഭീഷണി. ജലസസ്യങ്ങളിൽ ഇടുന്ന മുട്ടകൾ വിരിയാതെ പോവുകയോ വിരിയുന്ന നിംഫുകൾ രാസമലിനീകരണത്താൽ നശിക്കുകയോ ചെയ്യുന്നു. കൃഷിയിടങ്ങളിലെ കീടനാശിനി പ്രയോഗവും തുമ്പികളുടെ കുലം മുടിക്കുന്നു.പണ്ട് ഒരു ജലാശയത്തിന് സമീപം വിവിധയിനം തുമ്പികളെ കാണാമായിരുന്നു. ഇപ്പോൾ അത് സാധ്യമാകുന്നില്ലെന്ന് തൃശൂർ സെൻറ്‌ തോമസ് കോളജിലെ മുൻ പ്രൊഫസറും തുമ്പികളടം ചെറുപറവകളെ കുറിച്ച് ഗവേഷണം നടത്തുകയും ചെയ്യുന്ന ഫ്രാൻസിസ് കെ കാക്കച്ചേരിൽ പറയുന്നു. മഴക്കാലം കഴിയുന്നതോടെയാണ് ലാർവയിൽ നിന്ന് ജീവചക്രത്തിലെ മൂന്നാം ക്രമമായ തുമ്പികളായി അവ പറന്നുയരുന്നത്. മഴ കഴിഞ്ഞു എന്ന പ്രതീക്ഷയിലാകാം ഓണതുമ്പികൾ പാറുന്നത്. ചിലപ്പോൾ മഴ മാറിയോ എന്നറിയാൻ നിയോഗിതരായ ചെറു സംഘങ്ങളുമാകാം. നമ്മുടെ നാടൻ തുമ്പികളിൽ ചിലതിന് കനത്ത കാറ്റിൽ പറന്നു ശീലവുമില്ല. കാലാവസ്ഥ വ്യതിയാനം ദുരന്തമാകുന്നത് മനുഷ്യർക്ക് മാത്രമല്ല. നേരം തെറ്റി പെയ്യുന്ന മഴയും ശൈലി മാറി വീശുന്ന കാറ്റും തുമ്പികൾക്കു ദുരന്തമാണ്.എന്തേ തുമ്പിതുള്ളാത്തൂ എന്ന് ചോദിക്കുന്നവരോട് തുമ്പികൾ പറയുന്നുണ്ടാകും, ഞങ്ങൾ എങ്ങനെ തുള്ളും നിങ്ങൾ ഈ ലോകം മലിനമാക്കിയില്ലെ...? ഓണം വന്നാൽ വന്നു...തുമ്പികൾ അതിനു വന്നവരല്ല... Read on deshabhimani.com

Related News