ഉപ്പേരി വറക്കണ്ടേ, പ്രസാദ് റെഡിയാണ്

വെട്ടിയ ഏത്തക്കുല സഹായി ചെല്ലപ്പനാടൊപ്പം പരിശോധിക്കുന്ന കർഷകൻ 
പി കെ പ്രസാദ്


പന്തളം   ഈ കോവിഡും പോകും, ഓണം വരും.... ഓണമുണ്ണുമ്പോൾ തൂശനിലയിൽ സാദിന്റെ ഏത്തൻ വറുത്ത ഉപ്പേരിയുമുണ്ടാകും. തുമ്പമൺ മുറിപ്പാറയിൽ പി കെ പ്രസാദിന്റെ കൃഷിയിടത്തിൽ വിളയുന്നത് ഒന്നും രണ്ടുമല്ല, 500 ഏത്തക്കുലകളാണ്. തുമ്പമണ്ണിന്റെ കാർഷിക വിപണിയിൽ ഇത്തവണ പ്രസാദിന്റെ ഏത്തക്കുലകളുടെ തൂക്കത്തെ വെല്ലണമെങ്കിൽ  കുലകൾ വേറെ കുലയ്ക്കണം. കുലച്ചേക്കാം, എന്നാൽ വിളകൾ തകർക്കുന്ന പന്നികളെ പടിക്ക് പുറത്താക്കി പറമ്പിൽ പണിയുന്ന പ്രസാദിന്റെ അർപ്പണ മനോഭാവത്തെ വെല്ലാൻ കർഷകർ വേറെ കൃഷിപാഠം പഠിക്കേണ്ടി വരും. പന്നി ശല്യത്തിന്റെ പ്രതിസന്ധികളെ തരണം ചെയ്താണ് ഒരു വേലി പോലുമില്ലാത്ത പുരയിടത്തിലാണ്‌ പ്രസാദിന്റെ വാഴകൾ മനോഹരമായി വരിയിട്ട് കുലച്ച് നിൽക്കുന്നത്. ഒരു ദിവസത്തിന്റെ 90 ശതമാനവും കൃഷിയിടത്തിലാണ് പ്രസാദ്.  ആ സാന്നിധ്യം ഒഴിഞ്ഞുള്ള അവസരം കിട്ടിയിട്ടുവേണ്ടെ പന്നികൾക്ക് കൃഷിയിടത്തിൽ കയറാൻ. കാലം തെറ്റിപെയ്ത മഴ കാരണം 15 ദിവസം വൈകിയാണ് വാഴകൾ കുലച്ചത്‌. 12 മുതൽ 18 വരെ കിലോ വരുന്ന കുലകളാണ് തോട്ടത്തിലുള്ളത്. വാഴ തോട്ടത്തിനിടയിലെ കളകൾ തിന്ന്  പ്രസാദിനെ സഹായിക്കാൻ അരുമയായി ആട്ടിൻ കുട്ടികളും ഒപ്പമുണ്ട്. തുമ്പമൺ കൃഷിഭവനിലെ ക്ലസ്റ്റർ പ്രസിഡന്റ്‌ കൂടിയാണ്‌. കൃഷിഭവന്റെ തന്നെ സ്റ്റാളിലാണ് കുല നൽകുക. കുല കൂടുമ്പോൾ തോലുഴം, കുരമ്പാല വിപണികളിലും ഓണക്കാലത്ത് കൃഷിഭവന്റെ ഓണ ചന്തയിലും  കുല നൽകും. പച്ചക്കറിയും പ്രസാദിന്റെ തോട്ടത്തിലുണ്ട്. ലോക് ഡൗൺ യാണകാലം കൃഷി കൊണ്ട് ആനന്ദകരമാക്കുന്ന ഈ കർഷകനെ സഹായിക്കാൻ മുട്ടം കോളനിയിൽ നിന്നുള്ള കർഷക തൊഴിലാളി ചെല്ലപ്പനും ഒപ്പമുണ്ട്.  പ്രവാസ ജീവിതം കഴിഞ്ഞ് മടങ്ങിയെത്തി കൃഷിയെ  സ്നേഹിച്ച് കൈക്കോട്ടെടുത്ത് മണ്ണിലിറങ്ങി വിജയഗാഥ സൃഷ്ടിച്ച പ്രസാദായിരുന്നു പോയ വർഷം തുമ്പമൺ പഞ്ചായത്തിലെ  മികച്ച കർഷകൻ. പ്രവാസി സംഘം ജില്ലാ കമ്മറ്റിയംഗമാണ്‌. സിപിഐ ഐം തുമ്പമൺ ലോക്കൽ കമ്മറ്റിയംഗവുമാണ്. Read on deshabhimani.com

Related News