കച്ചവടം മുടക്കി കടവാവലുകൾ

കൂട്ടത്തോടെ എത്തിയ വാവലുകൾ റമ്പുട്ടാൻ കായ്കൾ തിന്നു തീർത്തപ്പോൾ മരത്തിന്‌ ചുറ്റും അവശേഷിച്ച തോടുകൾ


കൊടുമൺ വില പറഞ്ഞ് ഉറപ്പിച്ച റമ്പുട്ടാൻ പഴങ്ങൾ പറിക്കാൻ കച്ചവടക്കാർ വരുന്നതിന് മുൻപ് കടവാവലുകൾ കൂട്ടത്തോടെയെത്തി ഒറ്റരാത്രി കൊണ്ട് തിന്നു തീർത്തു. കലഞ്ഞൂർ പഞ്ചായത്തിലെ അതിരുങ്കലിലാണ് സംഭവം. അനിൽ ഭവനിൽ മോളി ഏബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്ന റമ്പുട്ടാൻ മരങ്ങൾ നിറയെ പഴങ്ങളായിരുന്നു. ഏതാനും നാളുകൾക്ക് മുൻപ് തമിഴ്‌നാട്‌ സ്വദേശികളായ കച്ചവടക്കാർ വന്ന് 25000 രൂപ വില പറഞ്ഞ് ഉറപ്പിക്കുകയും താമസിയാതെ പറിച്ചു കൊള്ളാമെന്ന് സമ്മതിച്ച്  മടങ്ങുകയും ചെയ്തു.  കഴിഞ്ഞ ദിവസം രാത്രിയാണ്‌ കൂട്ടത്തോടെ എത്തിയ വാവലുകൾ കായ്കൾ മുഴുവൻ തിന്നു തീർത്ത്‌. നേരം പുലർന്നപ്പോൾ മരത്തിനു ചുറ്റും റമ്പുട്ടാൻ തോടുകൾ മാത്രം അവശേഷിച്ചു. വീട്ടിലെ താമസക്കാരനും കൃഷിക്കാരനുമായ ഭാസ്കരൻ വാവലിന്റെ ചിറകടിയൊച്ച കേട്ട് രാത്രി പുറത്തിറങ്ങിയെങ്കിലും കൂട്ടത്തോടെയുള്ള വാവലുകളെ കണ്ട് ഭയന്ന് പിൻമാറിയതായി പറഞ്ഞു. ടോർച്ച് തെളിച്ചപ്പോൾ ഭാസ്‌കരന്റെ നേരെ ഇവ പറന്നടുത്തു. ഭയന്ന്‌ വീട്ടിൽ കയറി കതകടച്ചതായും അദ്ദേഹം പറയുന്നു.  കോവിഡ് മഹാമാരിയിൽ ഏറെ ദുരിതം അനുഭവിക്കുന്നവരാണ് റമ്പുട്ടാൻ കർഷകർ. പഴങ്ങൾക്ക് വില കുറയുകയും വില്പന നടത്താൻ കഴിയാതെ വരികയും ചെയ്യുന്ന സ്ഥിതിയാണുള്ളത്‌. ഇവിടെ വില്പന നടന്നപ്പോൾ കടവാവലുകൾ വില്ലനായി മാറി.     Read on deshabhimani.com

Related News