ആറന്മുളയുടെ മുഖഛായ മാറും



 പത്തനംതിട്ട ആറന്മുള  മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് സഹായിക്കുന്നതാണ്‌  ബജറ്റെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ടയുടെ ദീര്‍ഘകാല സ്വപ്നമായ സിവില്‍ സ്റ്റേഷന്‍ വിപുലീകരണം യാഥാര്‍ഥ്യമാകുകയാണ്. സിവില്‍ സ്റ്റേഷന്‍ ഭൂമിയേറ്റെടുക്കലിന് 10 കോടി അനുവദിച്ചു. പശ്ചാത്തല വികസനത്തിന്‌ ആക്കം കൂട്ടി മണ്ഡലത്തിലെ റോഡുകൾ ബിഎം ആൻഡ്‌ ബിസി നിലവാരത്തിലേയ്‌ക്ക്‌ ഉയരും. തെക്കേമല നാരങ്ങാനം റോഡ്, കുളനട സൊസൈറ്റിപ്പടി കാരിത്തോട്ട റോഡ്, പത്തനംതിട്ട റിങ് റോഡ്, പുത്തന്‍കാവ് കിടങ്ങന്നൂര്‍ റോഡ്‌, അഴൂര്‍ കത്തോലിക്കേറ്റ് സ്‌കൂള്‍ റോഡ് എന്നിവയാണ്‌ ആധുനിക നിലവാരത്തിലേയ്‌ക്ക്‌ ഉയരുന്നത്‌. ചുട്ടിപ്പാറയിൽ എല്‍ഇഡി ഡിസ്‌പ്ലേ സ്ഥാപിക്കുന്നതിന് ഒരുകോടി അനുവദിച്ചു. ആഭ്യന്തര ടൂറിസം ഉള്‍പ്പെടെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ് ഡിസ്‌പ്ലേ. ഇത് പത്തനംതിട്ടയുടെ രാത്രി ജീവിതം സജീവമാക്കും. വ്യാപാര സ്ഥാപനങ്ങള്‍ക്കും ഗുണകരമാകും. വലംഞ്ചൂഴി ടൂറിസം പദ്ധതി, സി കേശവന്‍ സ്മാരക മ്യൂസിയത്തിന് ഭൂമിയേറ്റടുക്കല്‍, അച്ചന്‍കോവിലാര്‍ തീര സംരക്ഷണം, ആറന്മുള പമ്പാതീരം ദീര്‍ഘിപ്പിക്കല്‍, ഉള്ളൂര്‍ച്ചിറ നവീകരണം എന്നിവയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. ഇവ യാഥാര്‍ത്ഥ്യമാകുമ്പോള്‍ മണ്ഡലത്തില്‍ വലിയ വികസനമാണ് സാധ്യമാവുക. കൂടാതെ മണ്ഡലത്തില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുക അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News