കെ ഫോൺ 
ഈ മാസം



പത്തനംതിട്ട എല്ലാവർക്കും മിതമായ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ കെ ഫോൺ ജില്ലയിൽ പൂർത്തിയാകുന്നു. പാവപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും കേരള ഫൈബർ ഓപ്ടിക് നെറ്റ് വർക്ക് എന്ന കെ–-ഫോൺ പദ്ധതിയിലൂടെ ഇന്റർനെറ്റ് ലഭ്യമാകും. ആശുപത്രികൾ, വിദ്യാലയങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവയ്‌ക്ക്‌ ഇതിനോടകം കെ ഫോൺ കണക്ഷൻ നൽകി കഴിഞ്ഞു. ഒപ്ടിക്കൽ ഫൈബറിലൂടെയാണ്‌  ഇന്റർനെറ്റ് സേവനം ലഭ്യമാകുന്നത്‌. കെഎസ്ഇബിയുടെ ടവർ ലൈനുകൾ വഴിയും വൈദ്യുതി തൂണുകൾ വഴിയുമാണ്‌ കേബിളുകൾ കടന്നുപോകുന്നത്‌.  ആയൂരിലെ കെ ഫോണിന്റെ കോറിൽ നിന്നാണ്‌ റാന്നി, പെരുനാട്‌, കോഴഞ്ചേരി എന്നിവിടങ്ങളിലെ അഗ്രിഗേഷൻ കേന്ദ്രങ്ങളിലേക്ക്‌ നെറ്റ്‌വർക്ക്‌ എത്തുന്നത്‌. കൊല്ലത്ത്‌ നിന്നും ആലപ്പുഴയിൽ നിന്നുമാണ്‌ കോറിൽ കണക്ഷൻ എത്തുന്നത്‌. അഗ്രിഗേഷനിൽനിന്ന്‌ ജില്ലയുടെ വിവിധ പ്രദേശങ്ങളിലുള്ള പ്രി അഗ്രിഗേഷനിലേയ്‌ക്കും സ്‌പറുകളിലേയ്‌ക്കും നെറ്റ്‌ വർക്ക്‌ എത്തുന്നു. തുടർന്ന്‌ ഇവിടെ നിന്ന്‌ എൻഡ്‌ ഓഫീസുകളായ സർക്കാർ ഓഫീസുകളിലേക്കാണ്‌  ഫൈബർ ലൈൻ വഴി സേവനം എത്തിക്കുന്നത്‌.  ജില്ലയിൽ കെ ഫോൺ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്‌. റോഡ്‌ വീതികൂട്ടൽ നടക്കുന്നതിനാൽ കോന്നി, പത്തനാപുരം സബ്‌സെന്ററുകളിലേയ്‌ക്കുള്ള കണക്ഷനാണ്‌  ഇനിയും പൂർത്തിയാകാത്തത്‌. ജില്ലയിൽ 90 ശതമാനത്തിലധികം പണി പൂർത്തിയായി കഴിഞ്ഞു. ഫെബ്രുവരിയിൽ തന്നെ പദ്ധതി പൂർത്തീകരിക്കാമെന്ന പ്രതീക്ഷയിലാണ്‌ ഉദ്യോഗസ്ഥർ. പദ്ധതിയുടെ ഭാഗമായി ഓരോ മണ്ഡലത്തിലും 100 ബിപിഎൽ കുടുംബങ്ങളിൽ സൗജന്യമായും കണക്ഷൻ എത്തും. ജില്ലയിൽ അഞ്ച് മണ്ഡലങ്ങളിലായി 500 കുടുംബങ്ങളിലും സൗജന്യ കണക്ഷൻ നൽകും. ഇതിന്റെ ലിസ്റ്റ് ഇതിനോടകം തന്നെ തദ്ദേശസ്ഥാപനങ്ങൾ കെെമാറിക്കഴിഞ്ഞു. ഉടൻ തന്നെ മുഴുവൻ വീടുകളിലും ഇന്റർനെറ്റ് എത്തും. ജില്ലയിൽ 154.644 കിലോമീറ്റർ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ സ്ഥാപിക്കാനുള്ളതിൽ 148.043 കിലേമീറ്റർ പൂർത്തിയായി.  95.73 ശതമാനം നെറ്റ്‌വർക്ക് ഓപ്പറേറ്റിങ് സെന്ററുകളുടെയും പണികൾ തീർന്നു.  ആകെയുള്ള 16 പോയിന്റ് ഓഫ് പ്രസൻസ് കേന്ദ്രങ്ങളുടെയും നിർമാണം കഴിഞ്ഞു. കൊച്ചുപമ്പ, കക്കാട്‌ എന്നിവിടങ്ങളിൽ മാത്രമാണ്‌ സജ്ജീകരണം പൂർത്തിയാകാനുള്ളത്‌. എൻഡ്‌ ഓഫീസ് കണക്‌ടിവിറ്റി ലക്ഷ്യമിടുന്ന 1,312 സർക്കാർ ഓഫീസുകളിൽ 1,211 എണ്ണവും പ്രവർത്തനസജ്ജമായി. സംസ്ഥാനത്ത്‌ 2,600 കിലോ മീറ്റർ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ സ്ഥാപിക്കാനുള്ളതിൽ 96.19 ശതമാനത്തോടെ 2,501 കിലോ മീറ്ററും പൂർത്തീകരിച്ചിട്ടുണ്ട്‌. 375 പോയിന്റ്‌ ഓഫ്‌ പ്രസൻസിൽ 341 എണ്ണവും പൂർത്തിയായി. 28,519 എൻഡ്‌ ഓഫീസ് കണക്‌ടിവിറ്റിയിൽ 26,057 സർക്കാർ ഓഫീസുകളിലും കണക്ഷൻ എത്തിച്ചു. Read on deshabhimani.com

Related News